സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഗ്രീന്‍

Posted on: November 2, 2018

കാസര്‍ഗോഡ് : പ്ലാസ്റ്റിക്കിനെ പുറത്താക്കി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വന്നു. ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണു പദ്ധതി. നോഡല്‍ ഓഫിസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. 18 ഘട്ടങ്ങളായി 1,224 പേര്‍ക്കാണു പരിശീലനം നല്‍കിയത്.

സംസ്ഥാനതലത്തില്‍ 83 വകുപ്പുകള്‍, 90 പൊതുമേഖല സ്ഥാപനങ്ങള്‍, 33 കമ്മീഷനുകള്‍, 33 ക്ഷേമബോര്‍ഡുകള്‍, 160 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 399 ഇതര സ്ഥാപനങ്ങള്‍ എന്നിവ ഇതുവരെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി ജില്ലാതലങ്ങളില്‍ 1,114 ഓഫീസുകള്‍ ഗ്രീന്‍ പ്രോട്ടോക്കോളിലേക്കു മാറി. ഇതിനു പുറമെ 1,224 സര്‍ക്കാര്‍ ഓഫീസുകളും ഉടന്‍ ഹരിത ഓഫീസുകളാകും. എല്ലാത്തരം ഡിസ്‌പോസിബിള്‍ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഓഫീസുകളില്‍ നിരോധിച്ചു.

ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ പുനരുപയോഗത്തിനായി കൈമാറും. ഇ- മാലിന്യങ്ങള്‍ നീക്കം ചെയ്യും. ഓഫീസുകളില്‍ത്തന്നെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കും. ജൈവപച്ചക്കറി കൃഷി, ശുചിമുറി നവീകരണം, ക്യാംപസ്, കാന്റീന്‍, ടെറസ് ഹരിതാഭമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പദ്ധതി നടപ്പിലാക്കും.