ഡല്‍ഹിയില്‍ പഴയ വാഹനങ്ങള്‍ക്ക് നിരോധനം

Posted on: October 30, 2018

ന്യൂഡല്‍ഹി : പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷമായ പെട്രോള്‍ വാഹനങ്ങളും ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാന മേഖലയില്‍ ഓടരുതെന്ന് സുപ്രീം കോടതി. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഗതാഗത വകുപ്പിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ദേശീയ ട്രിബ്യൂണലിന്റെ ഉത്തരവ് ശരി വച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, എസ്. അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരുടെ വിധി.

ഡല്‍ഹിയില്‍ വായുമലിനീകരണ വിഷയത്തില്‍ സുപ്രീം കോടതിയെ സഹായിക്കുന്ന അമിക്കേസ് ക്യൂറി അപരാജിത സിംഗിന്റെ കുറിപ്പ് കണക്കിലെടുത്താണ് ബെഞ്ചിന്റെ നടപടി. ഇത്തരം വാഹനങ്ങള്‍ നിരോധിക്കുന്നത് സംബന്ധിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കണം. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു.