പെപ്‌സികോ പുതുശേരി പഞ്ചായത്തിൽ ജല സംരക്ഷണ പദ്ധതികൾക്ക് തുടക്കം കുറിച്ചു

Posted on: January 29, 2018

പാലക്കാട് : സ്ഥായിയായ ജല സ്രോതസ് വികസനവും ആസൂത്രണവും പദ്ധതിയുടെ ഭാഗമായി പെപ്‌സികോ, ആൾട്ടർനേറ്റീവ് ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവുമായി ചേർന്ന് പുതുശേരി പഞ്ചായത്തിൽ ജല സംരക്ഷണ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പനങ്ങാട് പാണ്ടിയത്തുയേരിയിൽ നടന്ന ചടങ്ങിൽ പുതുശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. രണ്ടു ഗ്രാമങ്ങളിലായി നൂറിലേറെ കുടുംബങ്ങൾക്ക് പദ്ധതി ഗുണകരമാകും. കഴിഞ്ഞ വർഷത്തെ കുറഞ്ഞ മഴ ഭൂഗർഭ ജല നിരപ്പിനേയും ബാധിച്ച സാഹചര്യത്തിലാണ് പെപ്‌സികോ ഈ പദ്ധതിക്കു രൂപം നൽകിയത്.

ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി പനങ്ങാട്, ഈസ്റ്റ് അട്ടപ്പള്ളം ഗ്രാമങ്ങളിലെ രണ്ടു കുളങ്ങൾ പുതുക്കുകയുണ്ടായി. ബണ്ടുകൾ ശക്തമാക്കുക, ശേഖരണ പ്രദേശം വൃത്തിയാക്കുക, റീചാർജ് പിറ്റ് നിർമിക്കുക, കനാലുകൾ അറ്റകുറ്റപ്പണി ചെയ്യുക തുടങ്ങിയ ജോലികളാണ് പ്രാദേശിക പങ്കാളിത്തത്തോടെ നടത്തിയത്. പാണ്ടിയത്തുയേരി കുളത്തിന് 12412 ക്യൂബിക് മീറ്ററും സാമി യേരി കുളത്തിന് 10478 ക്യൂബിക് മീറ്ററും ജല ശേഖരണ ശേഷിയാണുള്ളത്. ഇരുന്നൂറിലേറെ കർഷകർക്കു ഗുണകരമാകും വിധം 160 ഹെക്ടറിലേറെ പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് രണ്ടു കുളങ്ങളും ഉപയോഗിക്കും.

നേരത്തെ ചെക്ക് ഡാമുകളിൽ ഉണ്ടായിരുന്ന മരത്തിന്റെ ഗേറ്റുകൾ മോശമായ അവസ്ഥയിലായിരുന്നു. ഇവ മാറ്റി സ്റ്റീൽ സ്ലൂയീസ് ഗേറ്റുകൾ സ്ഥാപിച്ചു. ഈ രണ്ടു കുളങ്ങളിലേയും ഭൂനിരപ്പിലെ ജല ശേഖരണ നില മെച്ചപ്പെടുത്തുന്നതിനോടൊപ്പം മറ്റ് ആവശ്യങ്ങൾക്കുതകും വിധം പ്രദേശത്തെ ഭൂഗർഭ ജല റീച്ചാർജ് മെച്ചപ്പെടുത്താനും ഈ ജോലികൾ സഹായകമാകുമെന്ന് എ.ഡി.ഐ. എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. എസ്. നിജ്ജാർ ചൂണ്ടിക്കാട്ടി.