സുനിത നാരായന് മണപ്പുറം അവാർഡ്

Posted on: June 5, 2016

Sunita-Narain-Big-a

തൃശൂർ : ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സിഎസ്ഇ) ഡയറക്ടർ സുനിത നാരായന് പരിസ്ഥിതി സംരംക്ഷണ രംഗത്തെ സംഭവാനകൾക്കുള്ള മണപ്പുറം അവാർഡ്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് മണപ്പുറം അവാർഡ്. മണപ്പുറം ഫിനാൻസിന്റെ സ്ഥാപകനായ വി.സി. പദ്മനാഭന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 2016 ലെ മണപ്പുറം അവാർഡുകൾക്ക് സുനിത ഉൾപ്പടെ അഞ്ച് പേരെയാണ് തെരഞ്ഞെടുത്തത്.

എം. ടി. വാസുദേവൻ നായർ (കലാ-സാഹിത്യം), പി. എൻ. വാസുദേവൻ (മികച്ച സംരംഭകൻ), പ്രഫ. കെ. വി. തോമസ് എംപി (മികച്ച പൊതുപ്രവർത്തകൻ), ടി. കെ. ജോസ് ഐഎഎസ് (പൊതുഭരണരംഗത്തെ മികവ്) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. ജൂൺ 10 ന് തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ നടക്കുന്ന വി.സി. പദ്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.

രാവിലെ 10 ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനം മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. തൃശൂർ മേയർ അജിത ജയരാജൻ മുഖ്യാതിഥിയായിരിക്കും. ചെന്നൈയിലെ ഇക്വിറ്റാസ് മാനേജിംഗ് ഡയറക്ടർ പി.എൻ. വാസുദേവൻ, വി.സി.പദ്മനാഭൻ അനുസ്മരണപ്രഭാഷണം നടത്തും.

പ്രവർത്തന മേഖലകളിൽ വേറിട്ട സംഭാവനകൾ നൽകിയവരെ ആദരിക്കാൻ 2010 ൽ ആണ് മണപ്പുറം ഫിനാൻസ് അവാർഡുകൾ ഏർപ്പെടുത്തിയത്. ടി. ബാലകൃഷ്ണൻ (ഇൻകെൽ എംഡി) ചെയർമാനും പി.കെ. വിജയകുമാർ (കേരള ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ), ഡോ. എം.കെ. പ്രസാദ് (കാലിക്കട്ട് യൂണിവേഴ്‌സിറ്റി മുൻ പ്രോ വിസി), മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി. നന്ദകുമാർ, ഡോ. പി.വി. കൃഷ്ണൻനായർ (കേരള സംഗീതനാടക അക്കാദമി സെക്രട്ടറി) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.