മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ചിത്രീകരണം പൂർത്തിയായി

Posted on: March 18, 2019

യുവതാരങ്ങളിൽ ശ്രദ്ധേയനായ ബാലു വർഗീസിനെ നായകനാക്കി ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന അനുരാഗത്തിൻറെ കഥയായ മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ ചിത്രീകരണം പൂർത്തിയായി. പ്രണയവും വിരഹവും മധുരം കിനിയുന്ന ഓർമ്മകളായി ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ നടൻ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്നു. ഇന്ദ്രൻസിൻറെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ ബേനസീറാണ് ചിത്രം നിർമ്മിക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയിൽ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള (ഇന്ദ്രൻസ്) 65 ാം വയസിൽ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തൻറെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെൺകുട്ടിയെ അന്വേഷിച്ച് അയാൾ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്റെ തെക്കേഅറ്റം മുതൽ വടക്കേ അറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ആ യാത്രയിൽ അയാൾ കണ്ടുമുട്ടുന്ന വ്യക്തികൾ ,സംഭവങ്ങൾ ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പ്രണയം പ്രമേയമായി മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മനോഹരമായ കാഴ്ചകൾ ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകതയാണ്. പ്രണയത്തിന് പ്രായം വിലങ്ങുതടിയല്ല എന്നാണ് ഈ ചിത്രം പറയുന്നത്. കെ എസ് ആർ ടി ബസും പ്രൈവറ്റ് ബസും ഓട്ടോറിക്ഷയും സിനിമയിലെ കഥാപാത്രങ്ങളാകുന്നതും മറ്റൊരു പുതുമയാണ്.

പ്രണയമാണ് പ്രമേയമെങ്കിലും മലയാള സിനിമയിൽ ആവർത്തിച്ചുവരുന്ന പ്രണയകഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ പ്രണയമെന്ന് സംവിധായകൻ ഷാനു സമദ് പറഞ്ഞു. ഇതൊരു മനുഷ്യൻറെ പ്രണയയാത്ര മാത്രമല്ല ആ മനുഷ്യൻ കണ്ടുമുട്ടുന്ന വ്യക്തികളുടെയും സംഭവങ്ങളുടെയും കഥകളിലൂടെ കേരളത്തിലെ സാമൂഹിക വിഷയങ്ങളും ചിത്രം പറയുന്നുണ്ട്. ഇതൊരു റോഡ് മൂവി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. തൃശ്ശൂര് നിന്ന് കോഴിക്കോട്ടേയ്ക്കുള്ള ബസ്
യാത്രയ്ക്കിടയിൽ ഒരു ചെറുപ്പക്കാരനായ സഹയാത്രികനെ (ബാലു വർഗീസ്) അബ്ദുള്ളയ്ക്ക് കൂട്ടുകിട്ടുന്നു. പരസ്പരം പരിചയപ്പെട്ടതോടെ അവർ തമ്മിൽ അടുക്കുന്നു.

പിന്നീട് അബ്ദുള്ളയുടെ അലീമയെത്തേടിയുള്ള യാത്രയിൽ ആ ചെറുപ്പക്കാരനും കൂടെ കൂടുന്നു. അവരുടെ യാത്ര മനോഹരമായി തമാശയും സസ്‌പെൻസും ത്രില്ലും ഒക്കെയായി ചിത്രീകരിക്കുന്നതാണ് മൊഹബത്തിൻ കുഞ്ഞബ്ദുള്ള സംവിധായകൻ പറഞ്ഞു. ഒടുവിൽ കുഞ്ഞബ്ദുള്ള അലീമയെ കണ്ടുമുട്ടുമോ അതാണ് ചിത്രത്തിൻറെ സസ്‌പെൻസ്. വൈകാരികമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ പ്രക്ഷകരെ മുന്നോട്ട് നയിക്കുമ്പോഴും തമാശയാണ് ചിത്രത്തിൻറെ രസക്കൂട്ട്. പ്രമുഖ സംവിധായകൻ ലാൽജോസ് അബ്ദുള്ളയായി ഈ ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്.

സുഡാനിക്ക് ശേഷം സംസ്ഥാനഅവാർഡ് നേടിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുംബൈയിലെ തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കുമ്പോൾ അവിടെയുള്ള മലയാളികളുടെ ഹോട്ടൽ ജീവിതം ആദ്യമായി ചിത്രീകരിക്കുന്ന ഒരു സിനിമ കൂടിയാണ് മൊഹബത്തിൻ കുഞ്ഞബ്ദുള്ള. പതിനാല് ജില്ലകളിലുമായി ചിത്രീകരിച്ച ഈ സിനിമയിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ദ്രൻസ്, ബാലുവർഗീസ്, രൺജി പണിക്കർ, ലാൽജോസ്, നോബി, ശ്രീജിത്ത് രവി, പ്രേംകുമാർ, ഇടവേള ബാബു, ജെൻസൺ ജോസ്, രാജേഷ് പറവൂർ, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമൽദേവ്, സുബൈർ വയനാട്, സി പി ദേവ്, രചന നാരായണൻകുട്ടി, അഞ്ജലി നായർ, മാലാ പാർവ തി, സാവിത്രി ശ്രീധരൻ, സ്‌നേഹാ ദിവാകരൻ, നന്ദന വർമ്മ, വത്സലാ മേനോൻ, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരാണ് അഭിനേതാക്കൾ.

ബാനർ-ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം-ബേനസീർ, രചന/സംവിധാനം – ഷാനു സമദ്, ഛായാഗ്രഹണം – അൻസൂർ, സംഗീതം – സാജൻ കെ റാം, കോഴിക്കോട് അബൂബക്കർ, എഡിറ്റിംഗ് – വി ടി ശ്രീജിത്ത്, ഹിഷാം അബ്ദുൾ വഹാബ്, ഗാനരചന- പി കെ ഗോപി, ഷാജഹാൻ ഒരുമനയൂർ, കലാസംവിധാനം – ഷെബീറലി, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി പട്ടിക്കര, മേയ്ക്കപ്പ് – അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്, സ്റ്റിൽസ് – അനിൽ പേരാമ്പ്ര. പി ആർ ഒ – പി ആർ സുമേരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് – ആൻറണി ഏലൂർ, അഭിലാഷ് പൈങ്ങോട്, സംഘട്ടനം – അഷ്‌റഫ് ഗുരുക്കൾ, നൃത്തം – സഹീർ അബാസ്.