കുമ്പളങ്ങി നൈറ്റ്‌സ്

Posted on: February 16, 2019

പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. സാധാരണ ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്ന സിനിമ. ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ശ്യാം പുഷ്‌കരനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

കുമ്പളങ്ങിയിലെ ആര്‍ക്കും വേണ്ടാത്ത ഒരു ചെറുദ്വീപ്. തെരുവു പട്ടികളും പൂച്ചകളും വസിക്കുന്ന ആ ദ്വീപില്‍ ആര്‍ക്കും വേണ്ടാത്ത നാല് സഹോദരങ്ങളുമുണ്ട്. ആര്‍ക്കും വേണ്ടാത്ത നാല് സഹോദരങ്ങളുമുണ്ട്. ആര്‍ക്കും പറയത്തക്ക ജോലിയൊന്നുമില്ല. അച്ഛനും അമ്മയുമില്ല. മദ്യപാനം, പുകവലി, തല്ല് അങ്ങനെ ഇല്ലാത്ത ദുശ്ശീലങ്ങള്‍ ഒന്നുമില്ല. ഇവരുടെ ജീവിതത്തില്‍ ചില സംഭവങ്ങള്‍ വരുത്തുന്ന മാറ്റങ്ങളാണ് ഈ ചര്‍ച്ച ചെയ്യുന്നത്.

സൗബിന്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം, മാത്യു തോമസ് ആണ് നാലു സഹോദരങ്ങളായി എത്തുന്നത്. ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. കുമ്പളങ്ങിയിലേക്ക് മരുമകനായിട്ടാണ് ഷമ്മി എത്തുന്നത്. ബാര്‍ബറായ ഷമ്മി വെടിപ്പിന്റെ, ചീകിയൊതുക്കലിന്റെ കുടുംബച്ചിട്ടകള്‍ അനുവര്‍ത്തിക്കുന്നയാളാണ്. വടിവൊത്ത മീശ, ഇസ്തിരിയിട്ട വസ്ത്രം, അണുവിട തെറ്റാത്ത സദാചാരബോധം, അച്ചടക്കമുള്ള കുടുംബബന്ധം എന്നിവയൊക്കെയാണ് ഷമ്മിയുടെ മുഖമുദ്ര.

ഓര്‍ത്തിരിക്കാനും എടുത്തുപറയാനും ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങള്‍. പുതുമുഖ നായിക അന്ന ബെന്‍ മികച്ച അഭിനയമാണ് കാഴ്ച വയ്ച്ചിരിക്കുന്നത്. ഫഹദിന്റെയും അതിഗംഭീരമായ പ്രകടനമാണ് ഈ സിനിമയിലൂടെ കാണാന്‍ സാധിക്കുന്നത്. സൗബിനും ഷെയിന്‍ നിഗവും മാത്യുവും തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ചിത്രത്തിലെ മികച്ച ഗാനങ്ങള്‍ക്ക് ഈണമിട്ടത് സുഷിന്‍ ശ്യാമാണ്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്നാണ് കുമ്പളി നൈറ്റ്‌സ് നിര്‍മിച്ചിരിക്കുന്നത്.