സയന്റിഫിക് ത്രില്ലറായി നയന്‍

Posted on: February 8, 2019

ഫെബ്രുവരി ഏഴിന് തീയറ്ററില്‍ എത്തിയ ചിത്രമാണ് പൃഥ്വിരാജ് നായകനായ നയന്‍. 100 ഡേയ്‌സ് ഓഫ് ലവിനു ശേഷം ജെനുസ് മുഹമ്മദ് രചനയും സംവിധാനവും ചെയ്ത സിനിമയാണ് നയന്‍. വിശ്വാസത്തെയും ശാസ്ത്രത്തെയും കോര്‍ത്തിണക്കികൊണ്ട് കാഴ്ചയുടെ വിസ്മയം തീര്‍ത്ത സയന്റിഫിക് ത്രില്ലറാണ് നയന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആസ്‌ട്രോ ഫിസിക്‌സ്റ്റായ ആല്‍ബര്‍ട്ടും അയാളുടെ മകന്‍ ആദവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ലോകം ഭയത്തോടെ നോക്കിക്കാണുന്ന ഒരു ശാസ്ത്ര പ്രതിഭാസത്തിന്റെ പശ്ചാത്തലത്തില്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുകയാണ് ജെനുസ് മുഹമ്മദ്.

വ്യത്യസ്തമായ പ്രമേയമാണ് നയനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്ന ഒരു ഉല്‍ക്കയുടെ കാന്തിക തരംഗങ്ങള്‍ കാരണം ഒമ്പത് ദിവസത്തേക്ക് ഭൂമിയിലെ ഇലക്‌ട്രോണിക് സാന്നിധ്യമുള്ള ഉപകരണങ്ങളെല്ലാം നിശ്ചലമാകുന്നു. വൈദ്യുതിയില്ല, ഫോണില്ല, ഭൂരിഭാഗം വാഹനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഇതിനെക്കുറിച്ച് ഒരു ഫീച്ചര്‍ തയ്യാറാക്കാനായി ജ്യോതിശാസ്ത്രജ്ഞനായ ആല്‍ബര്‍ട് നിയോഗിക്കപ്പെടുന്നു. അയാള്‍ മകന്‍ ആദത്തെയും ഒപ്പം കൂട്ടുന്നു. തുടര്‍ന്ന് അവിടെ ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളും തിരിച്ചറിവുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് പൃഥ്വിരാജ് എത്തുന്നത്. ഭീതി, നിസ്സഹായത, പക എന്നിവയൈല്ലാം മികച്ച മെയ്‌വഴക്കത്തോടെ പൃഥ്വിരാജ് അഭിനയിക്കുന്നു. ചിത്രത്തിന്റെ ചുരുളഴിയുന്ന രംഗങ്ങള്‍ പൃഥ്വിരാജിലെ നടനെ അടയാളപ്പെടുത്തുന്നതാണ്. ചിത്രത്തിന്റെ പകുതിയിലേറെ രംഗങ്ങളും അരങ്ങേറുന്നത് മങ്ങിയ പ്രകാശത്തിലാണ്. കലാസംവിധാനവും ഛായാഗ്രഹണവും ഈ വെല്ലുവിളി മനോഹരമായി തരണം ചെയ്തിരിക്കുന്നു.

മകനായി വേഷമിട്ട മാസ്റ്റര്‍ അലോക് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രകാശ് രാജ്, വാമിക ഗബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍. വസ്ത്രാലങ്കാരം സമീറ സനീഷ്. വി എഫ് എക്‌സ് ഇഫക്ടും മനോഹരമായി സിനിമയില്‍ ചേര്‍ത്തിരിക്കുന്നു.