പ്രേക്ഷക ഹൃദയം കീഴടക്കി പേരന്‍പ്

Posted on: February 4, 2019

തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റാം എന്ന തമിഴ് സംവിധായകനില്‍ നിന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് ലഭിച്ച പുത്തന്‍ പ്രതീക്ഷയുടെ ചലച്ചിത്ര ഭാഷ്യമാണ് പേരന്‍പ്. മറ്റ് റാം ചിത്രങ്ങളെക്കാള്‍ മികച്ച ശ്രദ്ധ ലഭിക്കാന്‍ മമ്മൂട്ടി എന്ന മഹാനടന്റെ വിലാസം ഉപകരിച്ചു എങ്കില്‍ കൂടി മുന്‍ചിത്രങ്ങളെ പോലെ തന്നെ റാം എന്ന സംവിധായകന്റെ ബ്രില്ല്യന്‍സിനൊപ്പം, മമ്മൂട്ടി എന്ന മഹാനടന്റെ സമാനതകളില്ലാത്ത പരകായപ്രവേശസിദ്ധി കൂടിചേരുമ്പോള്‍ തമിഴ് സിനിമാലോകത്ത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു മാജിക്കല്‍ സിനിമാനുഭവം പ്രേക്ഷകന് പകര്‍ന്നു നല്‍കുന്നുണ്ട് പേരന്‍പ്.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക വൈകാരിക അവസ്ഥയുള്ള കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടിയുടെ കഥാപാത്രം ആയ അമുദവന്‍. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ വൈകാരിക ജീവിതസന്ധികളിലൂടെ വഴി നടത്തുക വഴി ഒറ്റയായ ജീവിതപാതകളില്‍ നമുക്കുചുറ്റും ഒറ്റപ്പെട്ട്, വിഷാദ ദ്വീപുകള്‍ പോലെ നിസ്സഹായരും രോഗാതുരരുമായ അനവധി പാവം മനുഷ്യരിലേക്കാണ് റാം എന്ന മഹാനായ ചലച്ചിത്രകാരന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

148 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം അമുതവന്‍ എഴുതുന്ന 12 അധ്യായങ്ങള്‍ എന്ന ഘടനയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതില്‍തന്നെ സിനിമ ഘടനയില്‍ അവിഭാജ്യ കഥാപാത്രമായി ചേര്‍ന്നു കിടക്കുകയാണ് പ്രകൃതി. ഓരോ അധ്യായങ്ങളിലും കഥ നടക്കുന്ന പശ്ചാത്തലങ്ങളും ഭൂപ്രകൃതിയും എല്ലാം മാറിമാറി എത്തുന്നു. സ്വച്ഛന്ദമായ പുഴയുടെ തീരത്തു നിന്നും മഹാനഗരത്തിലെ അഴുക്കുപുരണ്ട മടിത്തട്ടിലേക്ക് സിനിമ കൂടുവിട്ട് കൂടുമാറുന്ന രീതിയിലുള്ള നരേഷന്‍ സിനിമ സംവിധായകന്റെ കലയാണെന്ന് പറയാതെ പറയുന്നു.

വൈകാരികതയുടെ, അമര്‍ത്തിവച്ച സങ്കടങ്ങളുടെ ഒരു കടല്‍ ഉള്ളിലൊതുക്കുന്ന അച്ഛനാണ് മമ്മൂട്ടിയുടെ അമുദവന്‍. മകളുടെ ജീവിതത്തിന് ഒരു തണല്‍ എന്നതിലുപരി, ജീവിതത്തിലെ എല്ലാ പച്ചപ്പുകളും മാഞ്ഞു വിറങ്ങലിച്ചു പോയ ഒരു ഒറ്റ മനുഷ്യന്റെ വ്യഥ, പ്രേക്ഷകന്റെ ഉള്ളുലക്കുമാറ് അവിസ്മരണീയ മാക്കിയിട്ടുണ്ട് അമുദവനിലൂടെ മമ്മൂട്ടി.

ഈ സിനിമയിലെ മകള്‍ വേഷം ചെയ്ത സാധന എന്ന കുട്ടിയുടെ അഭിനയം സമാനതകളില്ലാത്തതാണ്. റാമിന്റെ തങ്കമീന്‍കള്‍ എന്ന ചിത്രത്തിലെ കുട്ടിക്കുറുമ്പിയില്‍നിന്ന് ഇത്രയേറെ വെല്ലുവിളികളുയര്‍ത്തുന്ന വേഷത്തിലേക്ക് എത്ര അനായാസമായാണ് ആ പെണ്‍കുട്ടി നടന്നു കയറിയത്. പേരന്‍പ് സാധനയുടെ രണ്ടാമത്തെ ചിത്രം ആണെങ്കില്‍ കൂടി ഭാവി അഭിനയ ജീവിതത്തിലേക്കുള്ള ഒരു കനത്ത കാല്‍വെയ്പ്പായി മാറിക്കഴിഞ്ഞിട്ടുണ്ട് പാപ്പ എന്ന സാധനയുടെ മകള്‍ കഥാപാത്രം.

അതിവൈകാരികതയിലേക്ക് വീണു പോകാവുന്ന അനവധി അവസരങ്ങളില്‍, മമ്മൂട്ടിയും സാധനയും തമ്മിലുള്ള അസാധ്യ കൊടുക്കല്‍ വാങ്ങലുകളില്‍ നിന്ന് അഭിനയകലയില്‍ മഹാനടനൊപ്പം തന്നെ നില്‍ക്കുന്നുണ്ട്, അത്രമേല്‍ ഗംഭീരമായി പാപ്പഎന്ന കഥാപാത്രമായി മാറുന്നുണ്ട് സാധന.
അച്ചന്‍ മകള്‍ കഥാപാത്രങ്ങള്‍ക്ക് അപ്പുറം അഞ്ജലി അമീര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ അവതരിപ്പിച്ച മീര എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം ശ്രദ്ധേയമാണ് .വര്‍ത്തമാന കാല സാമൂഹ്യസാഹചര്യങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറു കളുടെ അതിജീവന യാഥാര്‍ത്ഥ്യങ്ങള്‍ മീര എന്ന കഥാപാത്രത്തിലൂടെ പ്രധാന കഥാതന്തുവിനൊപ്പം പാരലലായി പറഞ്ഞു പോകുന്നുണ്ട് റാം.

തേനി ഈശ്വറിന്റെ ക്യാമറ കണ്ണുകളും എഡിറ്ററായി സൂര്യ പ്രഥമനും ചലചിത്ര ഘടനയ്ക്ക് അനുയോജ്യമാംവിധം പശ്ചാത്തല സംഗീതം സംവിധാനം നിര്‍വഹിച്ച യുവന്‍ ശങ്കര്‍ രാജയും ഈ ടീമിനെ ഉറച്ച പിന്തുണ നല്‍കുന്നു.

ഇത്തരുണത്തില്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ അനിവാര്യമായ ഒരു കാഴ്ചാനുഭവമാണ് പേരന്‍പ്. റോട്ടര്‍ഡാം ഫിലിംഫെസ്റ്റിവലില്‍ 2018 ലും ഷാങ്ങ് ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2018 മികച്ച അഭിപ്രായങ്ങള്‍ നേടിയ ഈ ചിത്രം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു

TAGS: Peranpu |