ഹൃദയസ്പര്‍ശിയായി പേരന്‍പ്

Posted on: January 28, 2019

ആരാധകരും പ്രേക്ഷകരും കാത്തിരുന്ന മമ്മൂട്ടി ചിത്രം പേരന്‍പ് ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുകയാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന അഭിനയമാണ് പേരന്‍പ് എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടി കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂവും ലോഞ്ചിംഗും നടന്നു. ഇത് മമ്മൂട്ടിക്ക് മാത്രം സാധ്യമാകുന്നതെന്നും പ്രതീക്ഷിച്ചതിനും അപ്പുറത്താണ് ചിത്രമെന്നുമാണ് പ്രിവ്യൂ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാം ആണ് ചിത്രത്തിന്റെ സംവിധായകന്‍.

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക – മാനസിക നിലയുള്ള ഒരു പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്റെയും കഥയാണ് പേരന്‍പ്. സാധനയാണ് പാപ്പ എന്ന മകളായി എത്തുന്നത്. അച്ഛന്‍ അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തന്നെയും മകളെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തുടങ്ങുന്നതോടെയാണ് അമുദന്റെ ജീവിതം മാറുന്നത്. പിന്നീട് പാപ്പയും അമുദനും കടന്നുപോകുന്നതിലൂടെ കഥ വികസിക്കുന്നത്. വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വിദേശി പ്രതിനിധികളെ അടക്കം അമ്പരപ്പിച്ചിരുന്നു.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലേത്. സങ്കീര്‍ണമായ ഭാവങ്ങളെ അനായാസമായി അദ്ദേഹം അവതരിപ്പിക്കുന്നു. തമിഴ് സംഭാഷണങ്ങള്‍ ഉരുവിടുന്നതില്‍ പുലര്‍ത്തുന്ന മികവാണ് എടുത്തു പറയേണ്ട ഒരു പ്രത്യേകത. ഒട്ടേറെ അര്‍ഥ തലങ്ങളുള്ള സംഭാഷങ്ങളെ അതിന്റെ എല്ലാ ഭാവ സമ്പുഷ്ടതയോടും കൂടി ഉരുവിടുന്നതില്‍ അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മത ഒരു പാഠപുസ്തകമായി മാറുന്നു.

സമുദ്രക്കനി, അജ്ഞലി അമീര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറുമൂട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പി. എല്‍ തേനപ്പനാണ്. ഛായഗ്രഹണം തേനി ഈശ്വര്‍, സംഗീതം നല്കിയിരിക്കുന്നത് യുവന്‍ ശങ്കര്‍രാജയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

TAGS: Mammootty | Peranbu |