ഇരുപത്തിയൊന്നാം നൂറ്റാണ്ട്

Posted on: January 25, 2019

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീയറ്ററില്‍ പ്രദര്‍ശനത്തിനെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ നായകനായി കെ.മധു ഒരുക്കിയ ഇരുപതാംനൂറ്റാണ്ടുമായി സിനിമയ്ക്ക് പേരില്‍ മാത്രമേയുള്ളൂ സാമ്യം.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ ഗോപിയാണ്. സിനിമയുടെ ടാഗ് ലൈന്‍പോലെ ഇതൊരു ഡോണിന്റെ കഥയല്ല. പ്രണയംകൊണ്ട് അതിസാഹസികനായി മാറുന്ന ഒരു കാമുകന്റെ കഥയാണ്. പൂര്‍ണമായും ഫാമിലി എന്റര്‍ടെയിനര്‍. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

രണ്ടാമത്തെ ചിത്രമായപ്പോഴേക്കും അഭിനയത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട് പ്രണവ്. പ്രണയം നിറഞ്ഞ കണ്ണുകളുള്ള ചെറുപ്പക്കാരനായി പ്രണവ് സ്‌ക്രീനില്‍ നിറയുമ്പോള്‍ അപ്പുവെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാനാവില്ല. സര്‍ഫിംഗിലും ഫൈറ്റ് സീനുകളിലും പ്രണവ് ഏറെ മികവു പുലര്‍ത്തിയിരിക്കുന്നു.

പുതുമുഖം സായ ഡേവിഡ് ആണ് പ്രണവിന്റെ നായിക. മികച്ച അഭിനയമാണ് സായ കാഴ്ചവയ്ക്കുന്നത്. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍, ബിജു കുട്ടന്‍, മാലാ പാര്‍വ്വതി, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം, ഷാജു കെ. എസ്, സുരേഷ് കുമാര്‍ തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്. അതിഥി വേഷത്തില്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു.

മനോഹരമായ വിഷ്വല്‍ ട്രീറ്റാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഗോവയും ബാലിയും വാഗമണ്ണും കാഞ്ഞിരപ്പള്ളിയുമൊക്കായായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അഭിനന്ദ് രാമാനുജനാണ് ചിത്രത്തിന്റെ ഛായഗ്രഹകന്‍. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

TAGS: Pranav Mohanlal |