പേട്ടക്ക് വന്‍ വരവേല്പ്

Posted on: January 11, 2019

രജനികാന്തിന്റെ മാസ് ചിത്രം പേട്ടക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സൂപ്പര്‍താരം എന്നതിനപ്പുറം രജനിയിലെ നടന് മനസ്സറിഞ്ഞ് അഭിനയിക്കാന്‍ അവസരം ലഭിച്ച സിനിമയാണ് പേട്ട. ജനുവരി 10-നാണ് പേട്ട റിലീസ് ചെയ്തത്. പിസയും ജിഗര്‍താണ്ടയും ഇരൈവിയുമൊക്കെ തമിഴകത്തിന് സമ്മാനിച്ച കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കാര്‍ത്തിക്കിന്റെ മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത് ഒരു രജനികാന്ത് സിനിമയാണ്. പടപ്പയിലും ബാഷയിലും കണ്ട് മതിമറന്ന രജനിയെ പേട്ടയില്‍ വീണ്ടും കാണാം.

തമിഴ്‌നാട്ടിലെ ഒരു ഹില്‍ സ്‌റ്റേഷനിലെ കോളജ് ഹോസ്റ്റല്‍ വാര്‍ഡനായി കാളി എത്തുന്നിടത്താണ് തുടക്കം. റാഗിംഗും ഗുണ്ടാഭാരണവും നിറഞ്ഞ ഹോസ്റ്റലിനെ ഒറ്റദിവസം തന്നെ കാളി നേരെയാക്കുന്നു. എന്നാല്‍ ഭൂതകാലത്തിന്റെ എന്തൊക്കെയോ നിഗൂഢതകള്‍ അയാള്‍ ചുമക്കുന്നുണ്ട്.

രണ്ടാം പകുതിയില്‍ കാളിയില്‍ നിന്നും ചിത്രം പേട്ടയുടെ കഥയാവുന്നു. ഇരുപത് കൊല്ലം മുന്‍പ് അയാള്‍ കാളിയല്ല, പേട്ട വേലനാണ്. മധുരൈയിലാണ് പിന്നീട് കഥനടക്കുന്നത്. സ്വിസ്റ്റുകളും സസ്‌പെന്‍സുമായി ചിത്രം ആവേശജനകമാകുന്നു. പഴയ രജനിയെ തിരിച്ചുകൊണ്ടുവരണമെന്ന സംവിധായകന്റെ ലക്ഷ്യം ഏറെക്കുറെ വിജയിച്ചട്ടുണ്ട്.

കരുത്തുറ്റ താരനിരയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സിമ്രാനും തൃഷയുമാണ് നായികമാരായി എത്തുന്നത്. ചെറിയ വേഷമെങ്കിലും ജിത്തുവായി വിജയ് സേതുപതി മികച്ച അഭിനയം കാഴ്ച വച്ചു. സിംഗാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ നവകസുദ്ദീന്‍ ഗംഭീരമാക്കി. മാലിക് ആയി എത്തിയ ശശികുമാറും തന്റെ വേഷം മികച്ചതാക്കി.

പേട്ടയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും അനിരുദ്ധാണ്. തിരുവിന്റെ കാമറയും വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും അത്യുഗ്രന്‍. തമിഴ് നാട്ടിലാണ് കഥനടക്കുന്നതെങ്കിലും ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് ഡെറാഡൂണിലാണ്. പീറ്റര്‍ ഹെയിനിന്റെ സംഘട്ടനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. വര്‍ഷങ്ങള്‍ക്കു ശേഷം രജനികാന്തിനെ ആരാധകര്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നരീതിയില്‍ കാണിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് പേട്ടയുടെ ഏറ്റവും വലിയ പ്രത്യേകത.

TAGS: Petta | Rajanikanth |