ഓസ്‌കാര്‍ നേടിത്തരാന്‍ റസുല്‍ പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി

Posted on: December 20, 2018

കൊച്ചി : ഓസ്‌കാര്‍ ജേതാവായ റസുല്‍ പൂക്കുട്ടി നായകനായി തൃശ്ശൂര്‍ പൂരത്തിന്റെ താളമേളാദികള്‍ ഒപ്പിയെടുത്ത ചിത്രം ദി സൗണ്ട് സ്റ്റോറി 91മത് ഓസ്‌കാറിനായി ഷോര്‍ട് ലിസ്റ്റില്‍ ഇടം നേടി. ലിസ്റ്റ് ചെയ്തിരിക്കുന്നത് 347 ചിത്രങ്ങളാണ്. മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലെക്കാണ് ചിത്രം മത്സരിക്കുന്നത്.

ജനുവരി 22 നാണ് ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടിക പുറത്തു വിടുക .സ്റ്റോണ്‍ മള്‍ട്ടി മീഡിയയുടെ ബാനറില്‍ രാജീവ് പനക്കല്‍ നിര്‍മിച്ചു പ്രസാദ് പ്രഭാകര്‍ രചനയും സംവിധാനം ചെയ്ത ചിത്രം ഒരു ശബ്ദ ലേഖകന്റെ ജീവിത യാത്രയാണ് പറയുന്നത്.തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് ചിത്രം ഒരുക്കിയത്.

നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോര്‍ഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് തൃശൂര്‍ പൂരം റെക്കോര്‍ഡിങ് നടത്തിയത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാ ഹുല്‍ രാജും ശരത്തും ചേര്‍ന്നാണ്. അന്ധര്‍ക്കു കൂടി തൃശൂര്‍ പൂരം അനുഭവേദ്യമാക്കുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. 2019 ഫെബ്രുവരി 24നാണ് ഓസ്‌കാര്‍ പ്രഖ്യാപനം.