ഒടിയന്‍ 14 ന് തിയറ്ററുകളില്‍ എത്തുന്നു

Posted on: December 10, 2018

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ 14 ന് ലോകമെമ്പാടും റിലീസ് ചെയ്യും. 3500 തിയറ്റുകളാണ് റിലീസിന് ഒരുങ്ങുന്നത്. കേരളത്തില്‍ മാത്രം അഞ്ഞുറോളം തിയറ്ററുകളില്‍ ചിത്രമെത്തും. മോഹന്‍ലാലിന്റെ അപൂര്‍വ വേഷപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ ആകര്‍ഷണം. പലവിധ അപൂര്‍വ സിദ്ധികളുമുള്ള ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥയാണ് സിനിമ പറയുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് പാലക്കാടന്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയത്.

പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാരിയര്‍, നരെയ്ന്‍, ഇന്നസെന്റ്, സിദ്ദീഖ്, നന്ദു, കൈലാഷ്, ശ്രീജയ നായര്‍, സന അല്‍ത്താഫ് തുടങ്ങിയവരും അഭിനയിക്കുന്നു. പീറ്റര്‍ ഹെയ്‌നിന്റെ സംഘട്ടനരംഗങ്ങളും മലയാളത്തില്‍ ഇതുവരെ കാണാത്ത ഗ്രാഫിക്‌സ് രംഗങ്ങളുമാണ് മറ്റു പ്രത്യേകതകള്‍. കാമറ – ഷാജി കുമാര്‍, എഡിറ്റിംഗ് – ജോണ്‍കുട്ടി.

യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഗാനങ്ങള്‍ വൈറലായിക്കഴിഞ്ഞു. പ്രഭാവര്‍മ്മ രചിച്ച് എം. ജയചന്ദ്രന്‍ ഇീണമിട്ട് മോഹന്‍ലാല്‍ ആലപിച്ച ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ് .. എന്ന ഗാനം ആദ്യ ദിവസംതന്നെ അഞ്ചര ലക്ഷം പേരാണ് കണ്ടത്. സുധീപ് കുമാറും ശ്രേയ ഘോഷാലും പാടിയ കൊണ്ടോരാം…. കൊണ്ടോരാം… എന്ന ഗാനം 12 ദിവസംകൊണ്ട് 35 ലക്ഷം ആളുകള്‍ ആസ്വദിച്ചു. റഫീക് അഹമ്മദ് രചിച്ച ഈ ഗാനത്തിനും എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയത്. ഒടിയനില്‍ ആകെ അഞ്ചു ഗാനങ്ങളാണുള്ളത്.

TAGS: Mohanlal | Odiyan Film |