സൈലൻസറിന്റെ ചിത്രീകരണം ആരംഭിച്ചു

Posted on: October 2, 2018

 

ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളോട് പൊരുതി മുന്നേറുന്ന ഈനാശുവായി ലാലിനെ അവതരിപ്പിക്കുന്ന പ്രിയനന്ദനന്റെ സൈലൻസറിന്റെ ചിത്രീകരണത്തിന് തൃശൂരിൽ തുടക്കമായി. പ്രശസ്ത സാഹിത്യകാരൻ വൈശാഖന്റെ സൈലൻസർ എന്ന ജനപ്രീതിയാർജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാർധക്യത്താൽ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടും പൊരുതി മുന്നേറുന്ന ഈനാശുവിന്റെ (ലാൽ) ജീവിതമാണ് സൈലൻസറിന്റെ ഇതിവൃത്തം.

കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് ഈനാശു. പ്രായം തളർത്തുന്ന ക്ഷീണവും ജീവിത സാഹചര്യങ്ങളുടെ സമ്മർദവും മൂലം ഏകാകിയായി അലയേണ്ടയാളാണ് പക്ഷേ അയാൾ അതിനൊരുക്കമല്ല. എന്നെ നിങ്ങൾക്ക് വേണമെങ്കിൽ കൊന്നുകളയാം പക്ഷേ തോല്പിക്കാനാവില്ല’ ഈനാശുവിന്റെ ജീവിതപ്രഖ്യാപനമാണ് ഈ വാക്യം. നടൻ ലാലിന്റെ അഭിനയജീവിതത്തിലെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഈനാശു.

ത്രേസ്യ (മീരാ വാസുദേവ്) യാണ് ഈനാശുവിന്റെ ഭാര്യ. മകൻ സണ്ണി (ഇർഷാദ്) ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഈനാശു തന്റെ പ്രിയപ്പെട്ട പഴയ മോട്ടോർ സൈക്കിളിൽ ഇപ്പോഴും ചുറുചുറുക്കോടെ പാഞ്ഞ് നടക്കുന്നു. അയാൾക്ക് ചില യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ പറ്റുന്നില്ല. എങ്കിലും ജീവിതത്തെ അടുത്തറിയുന്ന പഴയ മനുഷ്യനെന്ന നിലയിൽ അയാൾ പലതിനോടും ചേർന്ന് പോകുകയാണ്. മനുഷ്യജീവിതത്തിലെ സംഘർഷങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകർ സ്വീകരിക്കുമെന്ന് സംവിധായകൻ പ്രിയനന്ദനൻ ചൂണ്ടിക്കാട്ടി.

തൃശൂരിന്റെ പ്രാദേശിക ഭാഷയും സംസ്‌ക്കാരവും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തൃശൂരും പാലക്കാട്ടുമായിട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പ്രിയനന്ദനന്റെ പാതിരാക്കാലത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എൻ ഗോപീകൃഷ്ണനാണ് സൈലൻസിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകൻ അശ്വഘോഷനാണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറാണ് നിർമ്മാണം.

അഭിനേതാക്കൾ – ലാൽ, ഇർഷാദ്, രാമു, മീരാവാസുദേവ്, സ്‌നേഹാ ദിവാകരൻ, പാർത്ഥസാരഥി, ജയരാജ് വാര്യർ എന്നിവരാണ്. കലാസംവിധാനം – ഷെബീറലി, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി പട്ടിക്കര, മേയ്ക്കപ്പ് – അമൽ, വസ്ത്രാലങ്കാരം – രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ – പ്രേംജി പിള്ള, പശ്ചാത്തല സംഗീതം – ബിജിബാൽ, സ്റ്റിൽസ് – അനിൽ പേരാമ്പ്ര, പിആർഒ – പി. ആർ. സുമേരൻ, അസോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്ങൽ, സംവിധാന സഹായികൾ- ബിനോയ് മാത്യു, കൃഷ്ണകുമാർ വാസുദേവൻ, പി. അയ്യപ്പദാസ്, ജയൻ കടക്കരപ്പള്ളി.

TAGS: Lal | Silencer |