വിശ്വഗുരുവിന് ഗിന്നസ് റെക്കോർഡ്

Posted on: April 2, 2018

കൊച്ചി : തിരക്കഥ മുതൽ സ്‌ക്രീനിൽ എത്തുന്നതു വരെയുള്ള കാര്യങ്ങളിൽ ഏറ്റവും വേഗതയോടെ നിർമിച്ച ചിത്രമെന്ന ഗിന്നസ് ലോക റെക്കോർഡിന് എ.വി.എ. പ്രൊഡക്ഷൻസിലെ ഡോ. എ.വി. അനൂപും സംവിധായകൻ വിജേഷ് മണിയും നിർമിച്ച ഫീച്ചർ ഫിലിമായ വിശ്വഗുരു അർഹമായി.

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. 51 മണിക്കൂറും രണ്ടു മിനിറ്റും കൊണ്ടാണിതു നിർമിച്ചത്. 71 മണിക്കൂറും പത്തു മിനിറ്റും കൊണ്ടു നിർമിച്ച ശ്രീലങ്കൻ ചിത്രമായ മംഗള ഗമനയ്ക്കായിരുന്നു ഇതുവരെ ഏറ്റവും വേഗത്തിൽ നിർമിച്ച ചിത്രമെന്ന റെക്കോർഡ്. 2017 ഡിസംബർ 27 നാണ് പ്രമോദ് പയ്യന്നൂർ തിരക്കഥ പൂർത്തിയാക്കിയത്. 2017 ഡിസംബർ 29 ന് 11.30 ന് തിരുവനന്തപുരം നിള തീയേറ്ററിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ചിത്രീകരിക്കുന്നതിനു പുറമെ പേരു രജിസ്റ്റർ ചെയ്യുക, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിക്കുക, പോസ്റ്റർ രൂപകൽപ്പന ചെയ്യുക, പബ്ലിസിറ്റി നടത്തുക, സെൻസർഷിപ്പ് പൂർത്തിയാക്കുക തുടങ്ങിയവയെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കി.

ഇന്ത്യൻ സിനിമയെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കുക എന്നതായിരുന്നു ഈ ആശയത്തിനു പിന്നിൽ ഉണ്ടായിരുന്നതെന്ന് എ.വി. അനൂപ് വ്യക്തമാക്കി. തീയേറ്റർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി മുൻ നിശ്ചയ സമയത്തു തന്നെ ഇതു നിർമിക്കുകയായിരുന്നു. മലയാള സിനിമയ്ക്ക് ആഗോള ശ്രദ്ധ നേടിക്കൊടുക്കാനുള്ള ഈ ശ്രമത്തിൽ പിന്തുണ നൽകിയ എ.വി. അനൂപിനോടു തങ്ങൾക്കു നന്ദിയുള്ളതായി സംവിധായകൻ വിജേഷ് മണി പറഞ്ഞു.

പുരുഷോത്തമൻ കൈനകര, ഗാന്ധിയൻ, ചാച്ചാ ശിവരാമൻ, കലാധരൻ, കലാനിലയം രാമചന്ദ്രൻ, ഹരികൃഷ്ണൻ, കെ.പി.എ.സി. ലീലാകൃഷ്ണൻ, റോജി പി, കുര്യൻ, ഷെജിൻ, ബേബി പവിത്ര, മാസ്റ്റർ ശരൺ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, തുടങ്ങിയവർ ഈ ചിത്രത്തിൽ സഹകരിച്ചിരുന്നു. അരകൻ കലയും കിളിമാനൂർ രാമവർമ്മ പശ്ചാത്തല സംഗീതവും ലിബിൻ എഡിറ്റിംഗും നിർവഹച്ചു. ചിത്രത്തിന്റെ പ്രൊഡക്ഷൻ കോർഡിനേറ്റർ ഡോ. ഷാഹുൽ ഹമീദ് ആയിരുന്നു. ലോകനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണവും നിർവഹിച്ചു. ശിവഗിരി മഠത്തിലും സമീപ പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടത്തിയത്.