അധ്യാപകരെ പഠിപ്പിക്കുന്ന കഥാപാത്രമായി മമ്മുട്ടി ചിത്രം

Posted on: February 2, 2017

കൊച്ചി : ശ്യാംധർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ മമ്മുട്ടി അവതരിപ്പിക്കുന്നത് അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപക കഥാപാത്രം. ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓൺ കർമവും ബുധനാഴ്ച രാവിലെ കളമശേരിയിലെ ഗവൺമെന്റ് പോളിടെക്ക്‌നിക്കിൽ നടന്നു. നടൻ സിദീഖ്, നിർമാതാവ് ആന്റോ ജോസഫ്, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ആശാ ശരത്ത്, ദീപ്തി സതി എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ മമ്മുട്ടിയുടെ നായിക ആശാ ശരത്ത് ആണ്.

ഇടുക്കിക്കാരനായ മമ്മുട്ടി കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ. തന്റെ മുന്നിലിരിക്കുന്ന അധ്യാപകരെ കുട്ടികളായി കണ്ട് സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് മമ്മുട്ടിയുടേത്. മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര് പോലും കൗതുകമുള്ള ഒന്നാണ്. ചിത്രത്തിന്റെ പേരിനൊപ്പം കഥാപാത്രത്തിന്റെ പേരും പുറത്തുവിടും. അതൊടൊപ്പം ഈ കഥാപാത്രം മനോഹരമായി കഥ പറയാൻ ശേഷിയുള്ള ഒരാളാണ്. അധ്യാപകർക്ക് ക്ലാസ് എടുക്കുമ്പോഴും മറ്റും തന്റെ കഥപറച്ചിൽ രീതികളെ മനോഹരമായി ഉപയോഗിക്കുന്ന കഥാപാത്രമാണ് മമ്മുട്ടി.

വ്യത്യസ്തമായ കഥാപശ്ചാത്തലമുള്ള ഫാമിലി എന്റർടെയ്‌നറായിരിക്കും ഈ ചിത്രം. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് തിരക്കഥ തയാറാക്കിയിട്ടുള്ളത്. ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുള്ള ചില ആളുകളുടെ രീതികൾ ഉൾക്കൊണ്ടാണ് മമ്മുട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് രൂപം നൽകിയത്.

ചിത്രത്തിന്റെ കഥയുമായി ഇണങ്ങുന്ന നാല് ഗാനങ്ങൾക്ക് ജയചന്ദ്രൻ ഈണം നൽകി. മമ്മുട്ടിക്ക് വേണ്ടിയുള്ള രണ്ട് പാട്ടുകൾ പാടുന്നത് വിജയ് യേശുദാസ് ആണ്. മറ്റൊരു പാട്ട് പാടുന്നത് ശ്രേയക്കുട്ടിയാണ്. ശ്രേയ ഇതു വരെ പാടിയിട്ടില്ലാത്ത തരത്തിലുള്ള മാസ് പാട്ടാണിത്. ഏറെ നാളുകൾക്ക് ശേഷമാണ് എം. ജയചന്ദ്രൻ മമ്മുട്ടിക്കൊപ്പം ഒരു ചിത്രത്തിൽ വർക്ക് ചെയ്യുന്നത്.

പ്രധാനകഥാപാത്രങ്ങളെ കൂടാതെ ദിലീഷ് പോത്തൻ, ഇന്നസെന്റ്, ഹരീഷ് കണാരൻ, സോഹൻസീനു ലാൽ എന്നിവരും അഭിനയിക്കുന്നു. എം എസ് എ സിനിമയുടെ ബാനറിൽ മുഹമ്മദ് സലീമാണ് ചിത്രം നിർമ്മിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റിയൻ, ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ, പിആർഒ മഞ്ജു ഗോപിനാഥ്.