ശ്വേസ് ഡിലൈറ്റ്

Posted on: March 26, 2016

Shwetha-Menon-Big

ചലചിത്രതാരങ്ങളിൽ മിക്കവർക്കും സ്വന്തം ബിസിനസ് സംരംഭങ്ങളുണ്ട്. സ്ലിമ്മിംഗ് സെന്ററും ഫിറ്റ്‌നെസ് സെന്ററും ഫാഷൻ സ്റ്റോറുകളും സ്‌റ്റോക്ക് ബ്രോക്കിംഗിലും വരെ നമ്മുടെ താരങ്ങൾ പണം മുടക്കിയിട്ടുണ്ട്. ഏറെപ്പേരും ഹോട്ടൽ – റെസ്‌റ്റോറന്റ് ബിസിനസിലാണ് മൂലധനനിക്ഷേപം നടത്തിയിട്ടുള്ളത്. ഇവയെല്ലാം ഒരു വിധം ഭംഗിയായി പോകുന്നുമുണ്ട്.

സിദ്ധീഖ് (മമ്മ മിയ), ദിലീപ് (പുട്ടുകട), അബു സലീം ( 1980 നൊസ്റ്റാൾജിക് റെസ്റ്റോറന്റ്), ആസിഫ് അലി തുടങ്ങി രുചിവൈവിധ്യങ്ങൾ ഒരുക്കി ലാഭം നേടുന്നവർ പത്തോളം പേരുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതുമുഖമായി ശ്വേത മേനോൻ എത്തുകയാണ്. കഴിഞ്ഞ 20 വർഷമായി മനസിൽ കൊണ്ടു നടന്ന ആശയമാണ് യാഥാർത്ഥ്യമാകുന്നതെന്ന് ശ്വേത മേനോൻ പറയുന്നു.

താനൊരു ഭക്ഷണപ്രിയയായതിനാലാണ് റെസ്റ്റോറന്റ് ബിസിനസ് തെരഞ്ഞെടുത്തതെന്ന് ശ്വേത മേനോൻ പറഞ്ഞു. ചണ്ഡീഗഡിൽ ജനിച്ച് അലഹബാദ്, പത്താൻകോട്ട്, പൂനെ, കോഴിക്കോട്, മുംബൈ തുടങ്ങയ വിവിധ നഗരങ്ങളിൽ ജീവിച്ച് ശ്വേത മേനോൻ രുചിവൈവിധ്യങ്ങൾ പണ്ടേ ഹരമായിരുന്നു. പിതാവ് ടി.വി. നാരായണൻകുട്ടി എയർഫോഴ്‌സിൽ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആയിരുന്നു. അച്ഛന്റെ സ്ഥലംമാറ്റത്തിനനുസരിച്ച് ഓരോ നഗരത്തിന്റെയും രുചിവൈവിധ്യങ്ങൾ തിരിച്ചറിഞ്ഞു.

എങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ശ്വേതയ്ക്ക് ഏറെ ഇഷ്ടം. ഷൂട്ടിംഗിനിടെ ലൊക്കേഷനിലെ ഭക്ഷണം കഴിക്കാറില്ലാത്ത ശ്വേത സ്വന്തം പാചകക്കാരനെ ഒപ്പം കൊണ്ടുപോകാറുണ്ട്. ദുബായ് ശ്വേതയുടെ ഇഷ്ട നഗരമാണ്. ദുബായിലെ രുചി സങ്കേതങ്ങളൊക്കെ മുമ്പേ പലവട്ടം ശ്വേത സന്ദർശിച്ചിട്ടുണ്ട്.

ശ്വേതയുടെ ശ്വേസ് ഡിലൈറ്റ് എന്ന് പേരിട്ടിട്ടുള്ള റെസ്റ്റോറന്റ് ഏപ്രിൽ 23 ന് ദുബായിൽ തുറക്കും. ദുബായ് ലാംസി പ്ലാസയ്ക്ക് സമീപമാണ് ശ്വേതയുടെ പുതിയ സംരംഭം. വ്യത്യസ്ത രുചികളിലുള്ള വിഭവങ്ങൾ ശ്വേസ് ഡിലൈറ്റിന്റെ മെനുലിസ്റ്റിലുണ്ടാകുമെന്നും അവർ വ്യക്തമാക്കി. രുചികരമായ ഭക്ഷണം സാധാരണക്കാർക്കു കൂടി താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുകയാണ് ശ്വേതയുടെ ലക്ഷ്യം.

ഒരേ സമയം 80 പേർക്ക് ആഹാരം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. റെസ്‌റ്റോറന്റിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. അവസാനമിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്.