സ്വപ്‌നസംരംഭത്തിന്റെ വിജയം

Posted on: May 6, 2015

Renitha-Team-big-B

അധികവരുമാനത്തിനായി ഒരു സംരംഭം, ജോലി ചെയ്തിരുന്ന നാളുകളില്‍ റെനിത എന്ന വീട്ടമ്മയുടെ സ്വകാര്യ സ്വപ്‌നമായിരുന്നു. സ്വന്തം സംരംഭത്തിനായി റെനിത ഏറെ കണക്കുകൂട്ടിയിരുന്നു. ഒടുവില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. എറണാകുളം ജില്ലയില്‍ അങ്കമാലി പൂതുംകുറ്റി കാരമറ്റത്താണ് റെനിതയുടെ ഗോകുല്‍സണ്‍ ഫുഡ്‌സ്. വീടിനടുത്തുള്ള ക്ലബുകാര്‍ 2005 ലെ ഓണക്കാലത്ത് വിനോദയാത്ര പോകുന്ന സമയം. യാത്രാവേളയിലെ ഭക്ഷണത്തിനായി ഇഡ്ഡലി ഉണ്ടാക്കിക്കൊടുക്കാമോയെന്ന് ചോദിച്ചപ്പോള്‍ റെനിത അത് ഏറ്റെടുത്തു. വിഭവം നല്ലതായെന്ന പ്രതികരണം പ്രോത്സാഹനമായി. ആ ഓര്‍ഡര്‍ ഗോകുല്‍സണ്‍ ഫുഡ്‌സിന് പ്രചോദനമാവുകയായിരുന്നു.

രണ്ടു കിലോ അരിയ്ക്കുള്ള ഇഡ്ഡലിയായിരുന്നു അന്നു തയ്യാറാക്കിയത്. ഇഡ്ഡലി തയ്യാറാക്കി വില്‍പ്പന തുടങ്ങിയാല്‍ അതില്‍ നിന്ന് സ്ഥിര വരുമാനം ഉണ്ടാക്കാന്‍ കഴിയുമോയെന്ന് റെനിത ചിന്തിച്ചു. പിന്നെ വൈകിയില്ല. അടുത്ത ദിവസങ്ങളില്‍ത്തന്നെ ഒരുക്കം. ആരോടും അഭിപ്രായവും ചോദിച്ചില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സംരംഭം തുടങ്ങാനുള്ള ആഗ്രഹത്തെ തടസപ്പെടുത്തുമോയെന്നായിരുന്നു പേടി. മറ്റൊന്നും ആലോചിച്ചില്ല, പരിശ്രമിക്കാന്‍ തീരുമാനിച്ചു. സഹായവും പിന്തുണയുമായി ഭര്‍ത്താവ് ഷാബുവും മകന്‍ ഗോകുലും.

വീടിനു സമീപത്തെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും കടകളില്‍ ഇഡ്ഡലി ഉണ്ടാക്കി നല്‍കിയാല്‍ എടുക്കുമോയെന്ന അന്വേഷണമായിരുന്നു ആദ്യം. വിജയിക്കുമമോയെന്ന് ആശങ്കയായിയുണ്ടായിരുന്നു. ഏതായലും ചെയ്തിരുന്ന ജോലി വിടാതെ തന്നെ കഷ്ടപ്പെടാന്‍ തയ്യാറാവുകയായിരുന്നു. ഓര്‍ഡര്‍ ലഭിച്ചതോടെ വീട്ടിലെ പരിമിത സൗകര്യങ്ങളില്‍ നിന്നു തന്നെ അഞ്ചു കിലോ അരിക്കുള്ള ഇഡ്ഡലി ഉണ്ടാക്കിത്തുടങ്ങി. മെഷീനായി ആകെയുണ്ടായിരുന്നത് ഒരു ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡര്‍ മാത്രം. രുചികരമായ ഇഡ്ഡലി നല്‍കിയതോടെ വിതരണം ചെയ്യുന്ന ഇഡ്ഡലിയുടെ എണ്ണം 65 ല്‍ നിന്നും നൂറും നൂറില്‍ നിന്ന് എഴുന്നൂറും ആയിരവുമായി ഉയര്‍ന്നു.

വീട്ടില്‍ തന്നെയാണ് റെനിതയുടെ ഗോകുല്‍സണ്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റ്. തുടക്കത്തില്‍ മൂക്കന്നൂര്‍, താബോർ, പൂതംകുറ്റി, കാരമറ്റം, കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ ഇഡ്ഡലി സ്വന്തമായി  കൊണ്ടുപോയി നല്‍കുകയായിരുന്നു. ഇന്ന് ഇഡ്ഡലിക്കു പുറമെ ഇടിയപ്പം, പത്തിരി, വട്ടയപ്പം, നെയ്യപ്പം, പായസം, ഇല അട, കൊഴുക്കട്ട എന്നിങ്ങനെ പതിനാലോളം വിഭവങ്ങള്‍ ദിവസവും തയ്യാറാക്കുന്നു. കൂടാതെ പ്രത്യേക ഓര്‍ഡറുകളും ഏറ്റെടുക്കുന്നു. ഇവ വിതരണം ചെയ്യാന്‍ ആറ് ഏജന്‍സികളുണ്ട്. പുറമെ ഷാബുവും വിതരണത്തിനു സഹായിക്കുന്നു. രണ്ടു ഷിഫ്റ്റുകളിലായി 28 പേരും ജോലിക്കുണ്ട്. കുടുതലും സ്ത്രീകള്‍ തന്നെ. അവരുടെ ആത്മാര്‍ത്ഥതയും റെനിതയുടെ ബുദ്ധിമുട്ടുകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ആശ്വാസം പകരുന്നു.

സ്വയം നേടിയ അറിവും ഓരോന്നു ചെയ്യുന്നതിലൂടെ ലഭിച്ച അനുഭവസമ്പത്തും പരിശ്രമിക്കാനുള്ള മനസ്സുമാണ് റെനിതയുടെ കൈമുതല്‍. ഓര്‍ഡര്‍ കൂടിയപ്പോള്‍ നേരിടേണ്ടി വന്ന തടസ്സങ്ങളെ അതിജീവിക്കാന്‍ ഇതു സഹായിച്ചിട്ടുണ്ട്. കൂടുതല്‍ എണ്ണം ഇഡ്ഡലി ഉണ്ടാക്കേണ്ടി വന്നപ്പോള്‍ കൂട്ടു ശരിയാവാതെ പല പ്രാവശ്യം അരച്ച മാവ് കളയേണ്ടി വന്നിട്ടുണ്ട്. അരിയുടെ വ്യത്യാസം മനസിലാക്കുകയും ഒരേ ബ്രാന്‍ഡ് അരി തന്നെ ഉപയോഗിക്കുകയും ചെയ്തപ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അരിയും ഇതര ചേരുവകളും ഗുണമേന്മയുള്ളതാവണമെന്ന് റെനിതയ്ക്ക് നിഷ്‌കര്‍ഷതയുണ്ട്. അതുപോലെ ജോലിക്കാരെ കൃത്യമായി അതത് കാര്യങ്ങളില്‍ വിന്യസിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്നു. അതുകൊണ്ടുതന്നെ പറയുന്ന സമയത്തിനുള്ളിലോ അതിനു മുമ്പോ തന്നെ വിഭവങ്ങള്‍ വിതരണത്തിനു നല്‍കുന്നതിനു കഴിയുന്നു. കടകളില്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള എണ്ണം മാത്രം നല്‍കുകയെന്ന രീതിയാണ് ആദ്യം മുതല്‍ തുടരുന്നത്. അതിന്റെ വില അപ്പോള്‍ തന്നെ വാങ്ങുകയും ചെയ്യുന്നു. അതിലൂടെ കടകളില്‍ നിന്ന് ബാക്കിവരുന്നത് തിരിച്ചെടുക്കുകയെന്നത് പാടെ ഒഴിവാക്കുകയായിരുന്നു.

ഇപ്പോള്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് വെറ്റ് ഗ്രൈന്‍ഡര്‍, ബോയിലര്‍, സ്റ്റീമര്‍, പൊടിക്കുന്നതിനുള്ള യന്ത്രം എന്നിവയുണ്ട് . വിറകും ഗ്യാസും ഇന്ധനമായി ഉപയോഗിക്കുന്നു, പാചകത്തിനു ശേഷമുള്ള അടുക്കള മാലിന്യം ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പും പ്രവര്‍ത്തിപ്പിക്കുന്നു. വ്യവസായ വകുപ്പിലെ ഉദ്യഗസ്ഥനായ പി. എസ് ചന്ദ്രന്റെ ഉപദേശവും പ്രോത്സാഹനവും സംരംഭത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഏറെ സഹായിച്ചിട്ടുണ്ടെന്ന് റെനിത പറയുന്നു.

പാലിശ്ശേരിയിലെ യൂണിയന്‍ ബാങ്ക് ശാഖയുടെ സഹായവുമുണ്ട്. ഭര്‍ത്താവ് ഷാബുവും പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഗോകുലും ചേര്‍ന്നതാണ് റെനിതയുടെ കുടുംബം. റെനിതയുടെ കണക്കുകൂട്ടലുകള്‍ തുടരുകയാണ്. വീടിനോട് ചേര്‍ന്ന് വാങ്ങിച്ച സ്ഥലത്ത് ആധുനിക രീതിയിലുള്ള ഭക്ഷ്യ നിര്‍മ്മാണ പ്ലാന്റാണ് റെനിതയുടെ സ്വപ്‌നം.

രാജീവ് ലക്ഷ്മണ്‍