സൂര്യശോഭയോടെ ഒരു കയറ്റുമതി സംരംഭം

Posted on: July 20, 2018

പുളി എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കാൻ വരട്ടെ. പുളി കയറ്റുമതിയിലൂടെ ബിസിനസ് വിജയം നേടിയ കഥയാണ് കിഴക്കമ്പലത്തെ ബിജി ആന്റണിക്ക് പറയാനുള്ളത്. സാധാരണ വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്കുള്ള വളർച്ചയിൽ ഉൾക്കരുത്തായത് ജീവിതത്തിലെ പ്രാരാബ്ധങ്ങളാണ്. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന സാഹര്യത്തിലാണ് പുളി സംസ്‌കരണം ആരംഭിക്കുന്നത്. ഇന്ന് വിദേശത്തേക്ക് പുളി കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് ബിജിയുടെ സൂര്യ ടാമറിൻഡ് വളർന്നു.

തുടക്കം

 

വരുമാനത്തിനായി എന്തെങ്കിലും ബിസിനസ് ആലോചിക്കുന്ന സമയത്താണ് അടുത്ത് വീട്ടിലെ വല്യപ്പൻ കുറച്ച് പുളിയുണ്ട്. അതു വിൽക്കാൻ സഹായിക്കാമോയെന്ന് ബിജിയോട് ചോദിക്കുന്നത്. മാർക്കറ്റിൽ പോകുമ്പോൾ ആളുകൾ നിറയെ മീൻ വാങ്ങുന്ന കണ്ട ബിജിയുടെ മനസിൽ മീൻ കറി വയ്ക്കാൻ പുളിയും വേണ്ടേ എന്ന ചിന്ത കടന്നുപോയി.

പിന്നീട് വൈകിയില്ല അടുത്ത വീട്ടിലെ പുളി പറിച്ച് ഉണങ്ങി വിറ്റു. 5 കിലോ പുളി ഉണ്ടായിരുന്നു. ആദ്യം വീടിനടുത്തുള്ള പഞ്ചായത്ത്  ഓഫീസിലും സ്‌കൂളിലും പുളികൊണ്ടുപോയി വിറ്റു. വീണ്ടും പുളിവാങ്ങി ഉണങ്ങി ബിഷോപ്പറുകളിലാക്കി വീടുകൾതോറും കയറി ഇറങ്ങി വിൽക്കാൻ തുടങ്ങി.

ബിജി 2000 ൽ ആണ് ബിസിനസ് തുടങ്ങുന്നത്. വാളൻപുളിയും കുടംപുളിയും ശേഖരിച്ച്  ഉണങ്ങി വിൽക്കാൻ തുടങ്ങി. ജൂൺ മുതൽ ഓഗസ്റ്റ്  വരെയുളള മാസങ്ങളിലാണ് കുടം പുളിയുടെ സീസൺ. അക്കാലത്ത് ഇടുക്കിയിലും മലയാറ്റൂരും പോയി പുളി വാങ്ങും. രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും നല്ല രീതിയിൽ ബിസിനസ് വളർന്നു. ഇതിനിടെയാണ് കുടുംബശ്രീയുടെ രൂപീകരണം. കുടുംബശ്രീയിൽ അംഗമായെങ്കിലും പുളി സംസ്‌കരണം ബിജിയുടെ വ്യക്തിഗത സംരംഭമായി തുടർന്നു. ഇപ്പോൾ ബിജിയുടെ ഒപ്പം 3 കുടുംബശ്രീ വനിതകൾ ജോലി ചെയ്യുന്നുണ്ട്.

പുളി പറിക്കുന്നതു മുതൽ ഗുണനിലവാരം നിലനിർത്താൻ ശ്രദ്ധിച്ചുപോന്നു. മരത്തിനു ചുറ്റും വലയിട്ടാണ് പുളി ശേഖരിക്കുന്നത്. മുള ഉപയോഗിച്ച് പുളി പൊട്ടിച്ച്  കുരുകളഞ്ഞ് ഡ്രയറിൽ ഇട്ട് ഉണങ്ങും. മണിക്കൂറുകൾ കഴിയുമ്പോൾ എടുത്ത് ഉപ്പും വെളിച്ചെണ്ണയും തേച്ച്  കെട്ടി വയ്ക്കും. രണ്ടു ദിവസം കഴിയുമ്പോൾ വീണ്ടും പുളി എടുത്ത്  പുകയത്തിടും. വീണ്ടും ഉപ്പും വെളിച്ചെണ്ണയും ചേർത്ത്  കെട്ടി വയ്ക്കും. രണ്ടു ദിവസം കഴിയുമ്പോൾ വീണ്ടും എടുത്ത്  ഡ്രയറിൽ ഇട്ട് ഉണങ്ങും. പിന്നീട് എടുത്ത് വെയിലത്ത്  ഇട്ട്  ഉണക്കി പാക്ക് ചെയ്തു വയ്ക്കും. അഞ്ചു വർഷം വരെ പുളി യാതൊരു കേടും കൂടാതെ ഇരിക്കും.

ജനുവരിയാണ് വാളൻപുളിയുടെ സീസൺ. വാളൻ പുളി തോടു കളഞ്ഞ്  വെയിലത്ത്  ഇട്ട്  ഉണക്കും. കുരു കളഞ്ഞ്  തടി കൊണ്ട് നിർമ്മിച്ച ഉരലിൽ ഇടിച്ച്  വെളിച്ചെണ്ണയും ഉപ്പും ചേർത്ത്  കെട്ടി വയ്ക്കും. വാളൻപുളിയേക്കാൾ കുടംപുളിക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്.

തുടക്കത്തിൽ ബിഗ് ഷോപ്പറുകൾ നിറയെ പുളിയുമായി കച്ചവടത്തിനിറങ്ങിയ ബിജിക്ക് ഐആർഡിപി മേള വഴികാട്ടിയായി. മേളയിൽ നല്ല കച്ചവടം നടന്നു. 2003 മുതൽ മേളകളിൽ തുടർച്ചയായി പങ്കെടുക്കുന്നു. കുടുംബശ്രീയുടെ ആഴ്ച്ച ചന്തകളിലും മാസചന്തകളിലും പങ്കെടുത്തത്  നല്ല വരുമാനം നേടിക്കൊടുത്തു. 2005 ൽ ടൂവീലർ വാങ്ങി. പിന്നീട് അതിൽ സഞ്ചരിച്ചായിരുന്നു വില്പന. ആദ്യം എതിർത്തെങ്കിലും വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ ഭർത്താവ് ആന്റണിയും ബിജിക്കൊപ്പം ബിസിനസിൽ സജീവം.

കയറ്റുമതിയിലേക്ക്

 

കറിപൗഡറിൽ ബ്രാൻഡായ സാറാസ് നൽകിയ എക്‌സ്‌പോർട്ട് ഓർഡർ ബിജിയുടെ ആത്മവിശ്വാസം വർധിച്ചു. കൂടാതെ കലവറ എന്ന കമ്പനിയും കയറ്റുമതി കരാർ നൽകി. എക്‌സ്‌പോർട്ടിംഗ്  തുടങ്ങിയതോടെ ബിസിനസിൽ സീസൺ ഇല്ലാതെയായി. മുമ്പ് പുളിയുടെ സീസൺ കഴിയുമ്പോൾ വെറുതെ ഇരിക്കേണ്ടിവരുമായിരുന്നു. എന്നാൽ ഇപ്പോൾ ബിസിനസ് ലൈവാണ്. പ്രതിവർഷം 1000 കിലോ പുളി വരെ കയറ്റുമതി ചെയ്യുന്നുണ്ട്.

ഒരു കിലോ കുടംപുളിക്ക്  300 രൂപയാണ് വില. കയറ്റുമതി ചെയ്യുന്നത്  260 രൂപയ്ക്കാണ്. അവിടെ ലാഭം നോക്കാറില്ല. ബിസിനസാണ് പ്രധാനമെന്ന്  ബിജി പറയുന്നു. വാളൻപുളിക്ക്  200 രൂപയാണ് വില. പുളി കൂടാതെ കൂവപ്പൊടി, മരചീനിപ്പൊടി, ചക്ക ഹൽവ, സ്‌ക്വാഷ് എന്നിവയും സൂര്യ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നു.

ബിസിനസ്  വളർന്നപ്പോൾ രണ്ടു നില വീടും കാറും ഉൾപ്പടെയുള്ള ബിജിയുടെ ആഗ്രഹങ്ങൾ ഒന്നൊന്നായി സഫലമായി. വീട്ടുകാരുടെ പിന്തുണയാണ് തന്റെ വിജയരഹസ്യമെന്ന് ബിജി പറയുന്നു. മക്കളായ ആഷ്‌ലിനും ആൽബിനും അമ്മയുടെ ബിസിനസിന് കട്ട സപ്പോർട്ട്.

അജീന മോഹൻ