പാചകയന്ത്രങ്ങളുടെ ഡിസൈനർ

Posted on: April 26, 2019

പുതുമയുള്ള ആശയങ്ങൾക്ക് പിന്നാലെയാണ് എക്കാലവും കെ. കെ. ഷാബു. ഏറ്റെടുക്കുന്ന ഏത് ഉത്തരവാദിത്വവും കൃത്യതയോടെയും ലളിതമായും ചെയ്യാനുള്ള വഴികളാണ് എപ്പോഴും ഷാബുവിന്റെ മനസിൽ. മറ്റുള്ളവർക്ക് അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ ഏറെ നിരീക്ഷണ പരീക്ഷണങ്ങളിലുടെ ഷാബു വിജയകരമായി വികസിപ്പിക്കും. പാചകത്തിലെ മനുഷ്യാധ്വാനം കുറയ്ക്കാൻ സഹായകമായ യന്ത്രങ്ങളുടെ ഡിസൈനിംഗിലാണ് ഈ ചെറുപ്പക്കാരന്റെ മികവ്.

എൻജിനീയറിംഗിൽ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും സാങ്കേതിക വിദ്യയെ പ്രായോഗികമായി ഉപയോഗിക്കാവുന്ന ഒട്ടേറെ കണ്ടുപിടുത്തങ്ങൾ അങ്കമാലി പൂതുംകുറ്റി കാരമറ്റം സ്വദേശി കൈനിക്കര കെ.കെ. ഷാബു നടത്തിയിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം കിഴക്കമ്പലത്തെ ഒരു റബർ ഫാക്ടറിയിലാണ് ഷാബു തന്റെ ജോലി ആരംഭിച്ചത്. അധികവരുമാനത്തിന് ഭാര്യ റെനിത വീട്ടിൽ തന്നെ ഇഡ്ഡലി ഉണ്ടാക്കി വിൽക്കാൻ തുടങ്ങിയത് ഈ ദമ്പതികളുടെ ജീവിതം മാറ്റിമറിച്ചു.

റെനിതയുടെ കൈപുണ്യം ഇഡ്ഡലിയെ സൂപ്പർ ഹിറ്റാക്കി. ആദ്യ മാസം തന്നെ കൈനിറയെ ഓർഡറുകൾ ലഭിച്ചു. വീട്ടിൽ ഉപയോഗിച്ചിരുന്ന ഗ്രൈൻഡറും മിക്‌സിയും ഉപയോഗിച്ചാണ് റെനിതയും ഷാബുവും ഈ നേട്ടം കൈവരിച്ചത്. ഇഡ്ഡലിക്ക് പുറമെ വെള്ളേപ്പം, വട്ടയപ്പം, ഇഡിയപ്പം തുടങ്ങിയ മറ്റ് പലഹാരങ്ങൾക്കും അന്വേഷണങ്ങൾ വന്നു. അതോടെ വീടിനോട് ചേർന്ന് മകൻ ഗോകുലിന്റെ പേരിട്ട് ഗോകുൽസൺ ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആരംഭിച്ചു. ഫാക്ടറിയിലെ ജോലി രാജിവെച്ച് ഷാബു, റെനിതയെ സഹായിച്ചു. റെനിതയുണ്ടാക്കുന്ന ഇഡ്ഡലിയും വട്ടയപ്പവും കടകളിൽ എത്തിച്ച് വിൽപന നടത്തുന്നത് ഷാബുവാണ്.

സംരംഭം ഉഷാറായതോടെ റെനിത തയാറാക്കുന്ന ഏത് വിഭവവും രുചിച്ചുനോക്കി അഭിപ്രായം പറയേണ്ടത് ഷാബുവിന്റെ ചുമതലയായി. വിപണിക്ക് സ്വീകാര്യമായവിധത്തിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ തയാറാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തപ്പോഴാണ് ഷാബു പാചകം ലളിതമാക്കാനുള്ള വഴികൾ തേടിയത്. സീസണിൽ വെള്ളേപ്പത്തിന് കേറ്ററിംഗുകാരിൽ നിന്ന് ഓർഡർ ലഭിക്കുമ്പോൾ ചുട്ടെടുക്കുന്നത് അതിസാഹസികമായായിരുന്നു. റെനിതയും സഹപ്രവർത്തകരും നേരിടുന്ന ഈ വെല്ലുവിളിക്ക് എങ്ങനെയും പരിഹാരം കാണണമെന്നായി ഷാബുവിന്റെ ചിന്ത. അതിനിടെ പന്തുകളിക്കിടെ കാലിന് പരിക്കേറ്റ് ഷാബു മൂന്ന്മാസത്തോളം കിടപ്പിലുമായി. ഇക്കാലയളവിൽ പല ആശയങ്ങളും ഷാബുവിന്റെ മനസിൽ മിന്നിമറഞ്ഞു.

ഓരോ തവണയും മനസിൽ തോന്നുകാര്യങ്ങൾ നോട്ടുബുക്കിൽ കുറിച്ചുവെച്ചു. പല ഡിസൈനുകളും വരച്ചുണ്ടാക്കി. എഴുന്നേറ്റ് നടക്കാറായപ്പോൾ എൻജിനീയറിംഗ് വർക്ക്‌ഷോപ്പുകളിൽ പോയി വെള്ളേപ്പം ഉണ്ടാക്കാനുള്ള മെഷീനെക്കുറിച്ച് തന്റെ ആശയങ്ങൾ പങ്കുവെച്ചു. നടക്കാത്ത കാര്യമെന്ന മട്ടിൽ പലരും ഊറിച്ചിരിച്ചു. ഒരു വർക്ക്‌ഷോപ്പ് ഉടമ 12 ലക്ഷം രൂപയ്ക്ക് നിർമ്മിച്ചു നൽകാമെന്ന് ഏറ്റു. പക്ഷെ മൂന്ന് മാസം കഴിഞ്ഞപ്പോൾ അവരും പിൻവാങ്ങി. ഷാബു നിരാശനായില്ല. തന്റെ ഡിസൈനുമായി നാട്ടിലെ ഒരു സാധാരണ വർക്ക്‌ഷോപ്പിൽ പോയിരുന്ന് മെഷീൻ ഉണ്ടാക്കി.

അപ്പത്തിന്റെ മാവ് തയാറാക്കിവെച്ചാൽ ഓരോ അപ്പച്ചട്ടിയിലും കൃത്യമായ അളവിൽ മാവ് വീണ് സ്വയമേ അപ്പം ചുട്ടെടുക്കുന്ന മെഷീൻ ഷാബു യാഥാർത്ഥ്യമാക്കി. ചെലവ് ആറ് ലക്ഷം രൂപ. പാചകവാതകത്തിലാണ് മെഷീന്റെ പ്രവർത്തനം. തന്റെ ആവശ്യത്തോട് മുഖം തിരിച്ചവർക്കുള്ള മറുപടിയായിരുന്നു ഷാബുവിന്റെ വെള്ളേപ്പ നിർമാണ മെഷീൻ. വെള്ളേപ്പം മാത്രമല്ല പാലപ്പവും കള്ളപ്പവും ഈ മെഷീനിൽ ചുട്ടെടുക്കാം. ഷാബുവിന്റെ മെഷീനെ പറ്റി കേട്ടറിഞ്ഞ് നിരവധി പേർ ഈ അത്ഭുത മെഷീൻ കാണാൻ അദേഹത്തിന്റെ വീട്ടിൽ എത്തുന്നുണ്ട്. പ്രശസ്തമായ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കാന്റീനിലേക്ക് ഇത്തരമൊരു മെഷീൻ നിർമ്മിച്ചുകൊടുക്കാനായതാണ് ഷാബുവിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.

വീട്ടിൽ ഇഡിയപ്പം (നൂലപ്പം) ഉണ്ടാക്കുമ്പോൾ നമ്മൾ കൈകൊണ്ട് ഞെക്കി കൈ കഴയ്ക്കാറാണ് പതിവ്. ആയിരകണക്കിന് ഇടിയപ്പം ഉണ്ടാക്കേണ്ടി വരുമ്പോൾ ധാരാളം മനുഷ്യാധ്വാനവും സമയവും വേണ്ടി വരും. ഇതിനു പരിഹാരമായി ഇഡിയപ്പത്തിനുള്ള മാവ് കൂട്ടിവെച്ചാൽ ഓട്ടോമാറ്റിക്കായി മാവ് പ്രസ് ചെയ്ത് അപ്പം ചുട്ടെടുക്കാനുള്ള മെഷീനും ഷാബു വികസിപ്പിച്ചിട്ടുണ്ട്. തേങ്ങ കൊത്തിയരിയാനുള്ള മെഷീനാണ് ഷാബുവിന്റെ മറ്റൊരു നേട്ടം. ഈ മെഷീൻ ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ 800-1000 തേങ്ങ കൊത്തിയരിയാനാകും.

ഷാബു വികസിപ്പിച്ച മെഷീനുകളാണ് ഗോകുൽസൺ ഫുഡ്‌സിന്റെ ഏറ്റവും വലിയ ആസ്തി. എത്ര വലിയ ഓർഡർ ലഭിച്ചാലും ഈ മെഷീനുകളുണ്ടെങ്കിൽ കൈകാര്യം ചെയ്യാനാകുമെന്ന് ഷാബുവിനും റെനിതയ്ക്കും ആത്മവിശ്വാസമുണ്ട്. എംബിഎ വിദ്യാർത്ഥിയായ ഇവരുടെ മകൻ ഗോകുലിനും അച്ഛന്റെ മെഷീനുകളെകുറിച്ച് വലിയ അഭിമാനമാണ്.

കല്യാണസദ്യയിൽ ലൈവായി വെള്ളേപ്പം ചുടാനുള്ള ഒരു ചെറിയ മെഷീന്റെ പണിപ്പുരയിലാണ് ഷാബു. മൂന്ന് ലക്ഷത്തോളം രൂപ ഈ മെഷീന് ചെലവ് വരും. കേറ്ററിംഗുകാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന മെഷീൻ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ചുവിൽക്കുകയാണ് ഷാബുവിന്റെ ലക്ഷ്യം.

എൽ പി