നിഷ്ഠയോടെ വിജയത്തിലേക്ക്

Posted on: February 27, 2019

കുഞ്ഞുങ്ങളിലേക്കും കുഞ്ഞുടുപ്പുകളിലേക്കും കാഴ്ചക്കാരുടെ കണ്ണുടക്കുന്നത് വളരെ പെട്ടന്നാണ്. കിഡ്‌സ് വെയറിൽ പുതിയ ഫാഷൻ ട്രെൻഡുകൾ സൃഷ്ടിക്കുകയാണ് കൊച്ചി മരടിലെ നിഷ്ഠയും ടിനു മരിയ നിഷാന്തും . കുഞ്ഞുങ്ങളുടെ അതിലോല ചർമത്തിനു അനുയോജ്യമായതെല്ലാം കോർത്തിണക്കി കുഞ്ഞുടുപ്പുകളിൽ വിസ്മയം തീർക്കുകയാണ് ടിനു.

കുഞ്ഞുടുപ്പുകളിലെ ഹാൻഡ് എംബ്രോയഡറി മുഖമുദ്രയാക്കിയ നിഷ്ഠയിൽ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. പെർഫെക്ഷന്റെ കാര്യത്തിലും ജാഗരൂകയാണ്.

സ്വപ്‌നസാക്ഷാത്ക്കാരം

സംരംഭകയാകാനുള്ള ആഗ്രഹത്തെയും കഴിവിനെയും സ്‌കൂൾ കാലഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞുവെന്ന് ടിനു പറയുന്നു. ഒപ്പം കുടുംബത്തിന്റെ പൂർണമായ പിന്തുണയും ലഭിച്ചിരുന്നു. പാരമ്പര്യമായി കിട്ടിയ കഴിവുകളും 2016 മുതൽ ടിനുവിനെ നിഷ്ഠ എന്ന സംരഭത്തിലേക്ക് നയിച്ചു. കോസ്റ്റിയും ഡിസൈൻ ആൻഡ് ഫാഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ടിനു ചങ്ങനാശേരി അസംഷൻ കോളേജിൽ അധ്യാപികയായി കരിയറിന് തുടക്കം കുറിച്ചു. അഞ്ചു വർഷത്തെ അധ്യാപനത്തിനുശേഷമാണ് ടിനു ബിസിനസ് മേഖലയിലേക്ക് എത്തിയത്.

കുഞ്ഞുടുപ്പുകളുടെ ലോകത്ത്

കുഞ്ഞുങ്ങളുടെ നിഷ്‌ക്കളങ്കത കുഞ്ഞുടുപ്പുകളിലും നിലനിർത്തണമെന്ന് ടിനുവിന് നിർബന്ധമുണ്ട്. ഉപഭോക്താക്കളുടെ ബജറ്റിനുള്ളിൽ ഏറ്റവും മനോഹരമായ കുട്ടിയുടുപ്പുകൾ തയാറാക്കുന്നതാണ് ടിനുവിന്റെ സവിശേഷത.

കുഞ്ഞുങ്ങൾക്ക് സ്വസ്ഥമായി ധരിക്കാവുന്ന വസ്ത്രങ്ങളാണ് ഹാൻഡ് എംബ്രോയിഡറിയോടു കൂടി ടിനു ഡിസൈൻ ചെയ്യുന്നത്. ആരും നോക്കിപ്പോകുന്ന തരത്തിലുള്ള ഉടുപ്പുകൾ നിഷ്ഠ തയാറാക്കി നൽകും. ഉടുപ്പുകൾക്ക് ചേരുന്ന കുഞ്ഞു ഷൂസുകൾ, ഹെയർ ബാൻഡുകൾ തുടങ്ങിയ മാച്ചിംഗ്‌സുകളും നിഷ്ഠയിലുണ്ട്. വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള മെഴുകുതിരികൾ സന്ദർഭത്തിനനുസരിച്ച് ടിനു നിർമിച്ചു നൽകാറുണ്ട്.

ഡിസൈനിംഗിലെ മാജിക്

കുഞ്ഞുടുപ്പുകൾ തെരഞ്ഞെടുക്കുമ്പോൾ പല മാതാപിതാക്കളെയും വിഷമിപ്പിക്കുന്നത് ആഡംബരത്തിനായി ഉപയോഗിക്കുന്ന പരുപരുത്ത മെറ്റീരിയലുകളാണ്. കൂടാതെ വസ്ത്രങ്ങളിലെ കല്ലുകളും മുത്തുകളും കുഞ്ഞുങ്ങളുടെ ശരീരത്തെ വേദനിപ്പാക്കാറുണ്ട്. ഉടുപ്പിന്റെ ഡിസൈൻ തെരഞ്ഞെടുക്കുമ്പോൾ ടിനു ഇവയെല്ലാം ശ്രദ്ധിക്കാറുണ്ട്.

മെറ്റീരിയലുകൾ, നിറങ്ങൾ, ഉടുപ്പുകളിൽ ചെയ്യേണ്ട ഡിസൈനുകൾ തുടങ്ങിയവ ഉപഭോക്താവിന് നിർദേശിക്കാം. ഉപഭോക്താക്കളുടെ ബജറ്റനുസരിച്ച് നിഷ്ഠ  ഉടുപ്പുകൾ തയാറാക്കി നൽകും. എന്നാൽ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ടിനു പറയുന്നു. മുൻകൂട്ടി പറയുന്ന ഡേറ്റിനുള്ളിൽ ആവശ്യപ്പെട്ട തരത്തിലുള്ള വസ്ത്രങ്ങൾ നല്കും. ഏറ്റവും കുറഞ്ഞത് ഒരാഴ്ച സമയമെങ്കിലും ഇവ തയാറാക്കാൻ ആവശ്യമാണ്. പിറന്നാൾ പാർട്ടികൾ, ബാപ്റ്റിസം, ആദ്യ കുർബാന തുടങ്ങിയവയാണ് പ്രധാനമായും വരുന്ന ആവശ്യങ്ങൾ.

കുഞ്ഞുടുപ്പുകൾ മാത്രമല്ല…

ഹാൻഡ് എംബ്രോയിഡറിയും കുഞ്ഞുടുപ്പും മാത്രമല്ല പ്രായഭേദമില്ലാതെ എല്ലാവരെയും ആകർഷിക്കുന്ന വേറെയും കൗതുകങ്ങൾ നിഷ്ഠയിലുണ്ട്. വീടിനു മോടി കൂട്ടാൻ വേണ്ട കുഷ്യൻ കവറുകൾ, ടേബിൾ ക്ലോത്ത്, കുഞ്ഞു ബാഗുകൾ, ടവലുകൾ തുടങ്ങിയ ഹോം ഡെക്കർ ഐറ്റംസുകൾ ടിനുവിന്റെ കരവിരുതിൽ ഒരുങ്ങുന്നു. ക്രൊയേഷ്യൻ നൂലുകൊണ്ടുണ്ടാക്കിയ കുഞ്ഞുചെരുപ്പുകൾ, ബാഗുകൾ, ഫ്‌ളോറൽ ഹെയർ ബാൻഡുകൾ, ടേബിൾ റണ്ണേഴ്‌സ്, ടേബിൾ മാറ്റ്, കർട്ടൺ ഹോൾഡറുകൾ, വെഡിംഗ് ബാസ്‌ക്കറ്റുകൾ തുടങ്ങിയവയും നിഷ്ഠയിലുണ്ട്.

ഓൺലൈൻ ടു ഓഫ്‌ലൈൻ

കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ടിനു നിഷ്ഠയുടെ ഒരു ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. ചേച്ചിക്കു വേണ്ടി ചെയ്ത ഉടുപ്പിന്റെ ഫോട്ടോയും അതിൽ പോസ്റ്റ് ചെയ്തു. പിന്നീട് ഹാൻഡ് എംബ്രോയിഡറി ചെയ്ത വസ്ത്രങ്ങളും പ്രദർശിപ്പിച്ചു. ഫേസ്ബുക്കിൽ കൂടി തുടങ്ങിയ വില്പന പിന്നീട് നേരിട്ടാവുകയും ചെയ്തു. വിവിധ എക്‌സിബിഷനുകളിലെ പ്രദർശനവും നിഷ്ഠയെ ജനങ്ങൾക്കിടയിൽ സ്വീകാര്യമാക്കി.

നിഷ്ഠയുടെ വർക്കുകൾ ഇഷ്ടപ്പെട്ട ഉപഭോക്താക്കൾ നേരിട്ട് അവരുടെ താത്പര്യങ്ങൾ പങ്കുവെക്കാനും പുതിയ ഡിസൈനുകൾ ആവശ്യപ്പെടാനും തുടങ്ങി. കസ്റ്റമേഴ്‌സിന് ഉത്പന്നങ്ങൾ തെരഞ്ഞടുക്കാനായി ഒരിടം ആവശ്യമായി വന്നു. തുടർന്ന്  കൊച്ചി മരടിൽ നിഷ്ഠ ഓഫ്‌ലൈൻ സ്റ്റോർ ആരംഭിച്ചത്.

കുടുംബം

പുതിയ ഡിസൈനുകളും കളർ കോമ്പിനേഷനുകളുമെല്ലാം ടിനു കുടുംബാംഗങ്ങൾക്കിടയിൽ ചർച്ച ചെയ്യാറുണ്ട്. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയത്തിനു പിന്നിലെന്നു ടിനു പറയുന്നു. ഭർത്താവ് നിഷാന്തും മക്കളായ മന്നയും നീവയും നിഷ്ഠയുടെ വളർച്ചയ്ക്ക് തങ്ങളുടേതായ സംഭാവനകൾ നൽകുന്നുണ്ടെന്ന് ടിനു വ്യക്തമാക്കി.

അപർണ ദാസ്