തലയെടുപ്പുള്ള സംരംഭം

Posted on: January 15, 2019

ഉത്സവപ്പറമ്പില്‍ നെറ്റിപ്പട്ടംകെട്ടി തലയെടുപ്പോടെ ഗജവീരന്മാര്‍ നില്ക്കുന്നത് കാണാന്‍ ഏഴ് അഴകാണ്. ആനകളെ മാത്രമല്ല വീടുകളും ഓഫീസുകളും അണിയിച്ചൊരുക്കാന്‍ നെറ്റിപ്പട്ടം ഇന്ന് ആളുകള്‍ ഉപയോഗിക്കുന്നു. നെറ്റിപ്പട്ടം നല്കിയ വര്‍ണാഭമായ ജീവിതമാണ് കോട്ടയം തിരുനക്കര ശാന്തിനിലയത്തിലെ ഗായത്രിദേവിയുടേത്. സംഗീതത്തിന്റെ ലോകത്തു നിന്ന് മ്യൂറല്‍ പെയിന്റിംഗിലേക്കും നെറ്റിപ്പട്ട നിര്‍മാണത്തിലേക്കും തിരിഞ്ഞത് യാദൃശ്ചികം. സംരംഭത്തിന്റെ വിജയം ഗായത്രി ദേവിയുടെ അതിജീവനത്തിന്റെ കഥകൂടിയാണ്.

നെറ്റിപ്പട്ടത്തിലേക്ക്

 

നെറ്റിപ്പട്ടം നിര്‍മ്മിക്കുന്നത് ഗായത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത് ഒരു യാത്രയ്ക്കിടെയിലാണ്. കൗതുകം തോന്നിയ ഗായത്രി തൃശൂരില്‍ പോയാണ് നെറ്റിപ്പട്ടം ഉണ്ടാക്കാന്‍ പഠിച്ചത്. പിന്നീട് നെറ്റിപ്പട്ടത്തെക്കുറിച്ച് കൂടുതല്‍ റിസര്‍ച്ച് നടത്തി. പഠനശേഷം അവ നിര്‍മ്മിക്കാന്‍ മറ്റുള്ളവരെ പഠിപ്പിച്ച് തുടങ്ങി. ഒരു വിദ്യ പഠിച്ച് കഴിഞ്ഞാല്‍ അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ കൂടുതല്‍ അറിവ് നേടാന്‍ കഴിയുമെന്നാണ് ഗായത്രി നിലപാട്.

വെല്‍വെറ്റ് തുണിയിലാണ് നെറ്റിപ്പട്ടം നിര്‍മിക്കുന്നത്. വെല്‍വെറ്റ് തുണിയില്‍ സ്വര്‍ണ്ണനിറത്തിലുളള ചെറിയ മുത്തുകള്‍ ഒട്ടിക്കുന്നു. നെറ്റിപ്പട്ടത്തിന്റെ വശങ്ങളില്‍ കമ്പളിനൂലുകള്‍കൊണ്ട് കെട്ടും. അഞ്ചു നിറത്തിലുള്ള കമ്പളി നൂലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കറുത്ത നിറമുള്ള കമ്പളി നൂല്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് നിയമം. എന്നാല്‍ പലരും കറുത്ത നൂല്‍ ഉപയോഗിക്കുന്നു.

1 1/2, 2 1/2, 3 1/2, 4 1/2, 5 1/2 അടിവരെയുള്ള നെറ്റിപ്പട്ടങ്ങള്‍ ഉണ്ടാക്കുന്നു. കാറിനുള്ളില്‍ വയ്ക്കുന്ന നെറ്റിപ്പട്ടം നേരത്തെ ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ അവ ഉണ്ടാക്കുന്നില്ല. രണ്ടര അടിയുള്ള നെറ്റിപ്പട്ടം എല്ലാ സാധനങ്ങളും റെഡിയാക്കി വച്ചിട്ടുണ്ടെങ്കില്‍ നാലുമണിക്കൂറിനുള്ളില്‍ ചെയ്യാം. രണ്ടരയടിയുള്ള നെറ്റിപ്പട്ടത്തിന് 2500 രൂപ മുതല്‍ 6000 രൂപ വരെ ലഭിക്കും.. വിപണിയില്‍ നെറ്റിപ്പട്ടങ്ങള്‍ക്ക് നല്ല ഡിമാന്‍ഡ് ഉണ്ട്.

ഏറ്റവും വലിയ നെറ്റിപ്പട്ടം അഞ്ചര അടിയുടേതാണ്. ആനയ്ക്കുള്ള നെറ്റിപ്പട്ടമാണിത്. ഏറെ പ്രത്യേകതകളുണ്ട് ഇതില്‍. ചെറിയ മുത്തുകള്‍ വെല്‍വെറ്റ് തുണിയില്‍ ഒട്ടിച്ചതിനു ശേഷം അതില്‍ ഗണപതിക്ക് വയ്ക്കുക എന്ന നിലയില്‍ ആദ്യം നെറ്റിപ്പട്ടത്തിനു താഴെയുള്ള കുമിള വയ്ക്കും. അതു കഴിഞ്ഞത് ശിവന്റെ തൃക്കണ്ണ് എന്ന സങ്കല്പത്തില്‍ നെറ്റിപ്പട്ടത്തിലെ വലിയ കുമിള വയ്ക്കും. ഏറ്റവും മുകളില്‍ സപ്തഋഷിമാര്‍ എന്ന സങ്കല്പത്തില്‍ 7 വലിയ മുത്തുകള്‍. പിന്നെ പാര്‍വതി, സരസ്വതി , ലക്ഷ്മി എന്ന നിലയില്‍ മൂന്ന്, അതിനു താഴെ ഇരുവശങ്ങളിലുമായി വിശ്വകര്‍മ്മാവ്, വിശ്വാമിത്രാ, വലതു വശത്ത് അഷ്ടവസുക്കളായി എട്ടെണ്ണം ഇടതുവശത്ത് നവഗ്രഹങ്ങളായി ഒമ്പതു വലിയ മുത്തുകളും 3,5,7,9,11 എന്ന കണക്കില്‍ ചന്ദ്രക്കലയും വച്ച് മണി കെട്ടിയാണ് നെറ്റിപ്പട്ടം പൂര്‍ത്തിയാക്കുന്നത്.

ഓണ്‍ലൈന്‍ വില്പന

 

ആദ്യം കുട്ടികള്‍ക്ക് ക്ലാസ് എടുക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഒരു ബാച്ചില്‍ ഇരുപത്തിയഞ്ചുകുട്ടികള്‍ വരെ പഠിച്ചിറങ്ങുന്നു. നെറ്റിപ്പട്ടനിര്‍മാണം വളരെ പെട്ടെന്നു പഠിക്കാന്‍ കഴിയുമെന്നാണ് ഗായത്രി പറയുന്നത്. പ്രധാനമായും ഓണ്‍ലൈന്‍ വില്പനയാണ് നടത്തുന്നത്. ഫേസ് ബുക്കിലെ നായര്‍ ഓര്‍ഗൈനസേഷന്‍ കൂട്ടായ്മ നല്കുന്ന പിന്തുണ വളരെ വലുതാണ്. വാട്‌സ് അപ്പ് ഗ്രൂപ്പുകള്‍ വഴിയും വില്പന നടക്കുന്നുണ്ട്. മാസം പതിനഞ്ചു നെറ്റിപ്പട്ടം വരെ വിറ്റു പോകുന്നുണ്ട്. നെറ്റിപ്പട്ടത്തിനു പന്ത്രണ്ടു വര്‍ഷം ഗ്യാരന്റി നല്കുന്നു.

കലയാണ് ജീവിതം

 

ബിരുദത്തിന് സംഗീതം തെരഞ്ഞെടുക്കുമ്പോള്‍ മറ്റൊന്നും തന്നെ മനസില്‍ ഉണ്ടായിരുന്നില്ല. നല്ലൊരു സംഗീതജ്ഞയാകുക. പഠനത്തോടൊപ്പം കുട്ടികള്‍ക്ക് വയലിന്‍ ക്ലാസും എടുക്കാറുണ്ടായിരുന്നു. 2004 ലാണ് ഫാബ്രിക് പെയിന്റിംഗ് പഠിക്കാന്‍ ഗായത്രി തീരുമാനിക്കുന്നത്. റീന മാര്‍ട്ടിനാണ് ഫാബ്രിക് പെയിന്റിംഗില്‍ ഗായത്രിയുടെ ഗുരു. പിന്നീട് ചുവര്‍ ചിത്രകലയിലേക്കും ഗായത്രി തിരിഞ്ഞു. അച്ഛന്‍ നടത്തി വന്നിരുന്ന ഇന്ത്യന്‍ കോളജില്‍ പെയിന്റിംഗിന്റെ ക്ലാസും എടുത്തു തുടങ്ങി. അപ്പോഴേക്കും എന്‍ജിനിയറിംഗ് ക്ലാസുകള്‍ അവിടെ നിര്‍ത്തിയിരുന്നു. അമ്മ നടത്തിയിരുന്ന ടൈപ് റൈറ്റിംഗ് കോഴ്‌സ് ഇപ്പോഴുമുണ്ട്.

സംഗീതത്തില്‍ ബിരുദവും സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവുമുള്ള ഗായത്രി കുറച്ചു കാലം അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. ഒരു മാസത്തെ ശമ്പളം ഒരു ദിവസംകൊണ്ട് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് മനസ്സിലായപ്പോഴാണ് ജോലി ഉപേക്ഷിച്ചത്. ചട്ടക്കൂടുകളൊന്നുമില്ലാതെ ജോലി ചെയ്യാം. വീട്ടുകാര്യങ്ങളും നോക്കാം. എന്തുകൊണ്ടും ഇതാണ് നല്ലതെന്നു ഗായത്രിക്ക് തോന്നി. ഇടയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വര്‍ക്ക് ചെയ്യാന്‍ കഴിയാതെ വന്നു. അപ്പോഴും പിന്തുണയേകിയത് കസ്റ്റമേഴ്‌സ് തന്നെയാണ്. അപ്പോഴും പിന്തുണയേകിയത് കസ്റ്റമേഴ്‌സ് തന്നെയാണ്. ഗായത്രിയുടെ മ്യൂറല്‍ പെയിന്റിംഗ് തേടിയത്തുന്നവരില്‍ അധികവും വിദേശികള്‍.

മ്യൂറല്‍ പെയിന്റിംഗിന് പുറമെ മെറ്റല്‍ എംബോസിംഗ്, ജ്വല്ലറി മേക്കിംഗ്, സാരി ഡിസൈനിംഗ്, തയ്യല്‍ , കുട നിര്‍മ്മാണം തുടങ്ങി നിരവധി ഇനങ്ങള്‍ ഗായത്രി പഠിപ്പിക്കുന്നു. എ സ് ബി ഐയുടെ ഫാക്കല്‍റ്റി കൂടിയാണ് ഗായത്രി.

കുടുംബം

 

അച്ഛന്‍ പരേതനായ വി.എം കുമാര്‍, അമ്മ എം. എസ് കുമാരി. ഭര്‍ത്താവ് ജയന്‍ അബുദബിയിലാണ്. ഗായത്രിക്ക് പൂര്‍ണ പിന്തുണ നല്കുന്നു. അഞ്ചു വയസ്സുള്ള മകന്‍ രോഹിതും നെറ്റിപ്പട്ട നിര്‍മാണത്തിന് അമ്മയെ സഹായിക്കാറുണ്ട്. ജീവിതത്തില്‍ ഒന്നിനും സമയമില്ല എന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഗായത്രി. ക്ലാസുകളും നെറ്റിപ്പട്ട നിര്‍മാണവും പെയിന്റിംഗും ഗായത്രിയുടെ ഒരു ദിവസം വളരെ തിരക്കേറിയതാക്കുന്നു.

അജിന മോഹന്‍

TAGS: Gayathri Davi |