കളിപ്പാട്ടങ്ങളിലൂടെ സ്വപ്‌നസംരംഭം

Posted on: November 16, 2018

കുട്ടികൾക്ക് എറ്റവും പ്രിയപ്പെട്ടവയാണ് കളിപ്പാട്ടങ്ങൾ. വ്യത്യസ്തമാർന്ന ടോയ്‌സ് മുതിർന്നവരിലും കൗതുകമുണർത്തും. മൃഗങ്ങളുടെ രൂപത്തിലുള്ള വൈവിധ്യമാർന്ന ടോയ്‌സുകളുടെ വിപുലമായ ശേഖരമാണ് ടോയ്‌സ് ഫോറസ്റ്റ് ശ്രേണിയിലുള്ളത്. എറണാകുളം കാക്കനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടോയ് ഫോറസ്റ്റിന്റെ സാരഥി സിന്ധു അഗസ്റ്റിൻ തന്റെ സംരംഭക സ്വപ്‌നങ്ങൾ പങ്കുവെയ്ക്കുന്നു.

സംരംഭകയാകാൻ ആഗ്രഹം

ബിടെകും എംബിഎയും കഴിഞ്ഞ് ജോലി ചെയ്തു തുടങ്ങിയപ്പോൾ മുതൽ സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന മോഹം സിന്ധുവിന്റെ മനസ്സിലുണ്ട്. എന്നാൽ ജോലിയുടെ തിരക്കുകളിൽ ഒഴുകിയപ്പോൾ മോഹം മനസിലെതുക്കി. ഇതിനിടയിൽ വിവാഹം കഴിഞ്ഞു. പത്തു വർഷം ജോലി ചെയ്തു കഴിഞ്ഞപ്പോൾ ഒരു ബ്രേക്ക് എടുത്തു സിന്ധു. കുറച്ചു വർഷങ്ങൾ വെറുതെയിരുന്നു. അപ്പോൾ ബിസിനസുകാരിയാകണമെന്നാഗ്രഹം വീണ്ടും ഉയർന്നു. പക്ഷെ നല്ല കമ്പനിയിൽ അവസരം ലഭിച്ചപ്പോൾ ജോലിക്കു കയറി.

ജോലിയും കുടുംബവുമായി ജീവിതം കംഫർട്ട് സോണിൽ പോകുമ്പോഴാണ് ഐ ഐ എമ്മിന്റെ കോഴ്‌സ് ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങുന്നത്. അങ്ങനെ ഐ ഐ എമ്മിൽ എം ബി എയ്ക്ക് ചേർന്നു.

കളിപ്പാട്ടങ്ങളുടെ വനത്തിലേക്ക്

ഐ ഐ എമ്മിൽ പഠിക്കുമ്പോൾ ഒരു ടോയ്‌സ് നിർമ്മാണ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ ജോലി വിട്ടു. വീണ്ടും ബിസിനസ് ചെയ്യമെന്ന ആഗ്രഹം മനസ്സിൽ മൊട്ടിട്ടു. പ്രഫസർമാരുടെയും ക്ലാസ്‌മേറ്റ്‌സിന്റെയും പ്രോത്സാഹനവും പിന്തുണയുമായപ്പോൾ ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. അധികം അദ്ധ്വാനം ഇല്ലാതെ സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയണമെന്ന് ചിന്തിച്ചപ്പോഴാണ് ഇങ്ങനെ ഒരു കമ്പനി തുടങ്ങുന്നത്. കമ്പനി തുടങ്ങാൻ ആറുമാസം സമയം എടുത്തു.

ടോയ്‌സിന്റെ വിപണിയെക്കുറിച്ച് പഠിച്ചപ്പോൾ വളർന്നുകൊണ്ടിരിക്കുന്ന മാർക്കറ്റാണിതെന്ന് തിരിച്ചറിഞ്ഞു. ഗുണമേന്മയുണ്ടെങ്കിൽ വാങ്ങാൻ ആളുകൾ തയാറാണ്. 2017 സെപ്റ്റംബറിൽ കിഴക്കമ്പലത്ത് ടോയ് ഫോറസ്റ്റിന്റെ നിർമ്മാണ യൂണിറ്റും കാക്കനാട്ട് ഡിസൈനിംഗ് സ്റ്റുഡിയോയും ഓഫീസും തുടങ്ങി.

ആന, കരടി, കടുവ, പൂച്ച തുടങ്ങി മൃഗങ്ങളുടെ പ്ലഷ് ടോയ്‌സാണ് ടോയ് ഫോറസ്റ്റിലുള്ളത്. സ്ത്രീകൾക്ക് ജോലി നൽകുക എന്നൊരു ലക്ഷ്യവും സംരംഭം തുടങ്ങുമ്പോൾ ഉണ്ടായിരുന്നുവെന്ന് സിന്ധു പറയുന്നു. നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്നവർ എല്ലാവരും സ്ത്രീകൾ തന്നെ. നിർമാണയൂണിറ്റിന്റെ പുറമെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനായി വർക്കുകൾ നൽകും. കുറെയധികം വീട്ടമ്മമാർ വരുമാനം അങ്ങനെ വരുമാനം കണ്ടെത്തുന്നു. തെരഞ്ഞെടുക്കുന്നവർക്ക് ആറു മാസത്തെ പരിശീലനവും കമ്പനി നൽകും.

ആളുകൾ ആവശ്യപ്പെടുന്ന ഡിസൈനിലും വലുപ്പത്തിലും ടോയ്‌സ് നിർമ്മിച്ചു നൽകുന്നു. ഫാബ്രിക് ക്ലോത്ത് ഉപയോഗിച്ചാണ് ടോയ്‌സ് നിർമിക്കുന്നത്. വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന ഫാബ്രിക് ക്ലോത്താണ് ഉപയോഗിക്കുന്നത്. ഹോൾസെയിൽ കടയിലേക്ക് ടോയ്‌സ് ആവശ്യപ്പെടുന്നവരാണ് ഇന്നുള്ള ഉപഭോക്താക്കളിൽ അധികവും. അവർ ആവശ്യപ്പെടുന്ന ടാഗ് ഉൾപ്പെടെ ചേർത്തും ടോയ്‌സ് നിർമ്മിച്ചുകൊടുക്കും.

വഴികാട്ടിയത് സുഹൃത്തുക്കൾ

എം ബി എ യ്ക്ക് പഠിച്ചപ്പോൾ ഉണ്ടായിരുന്ന സുഹൃത്തക്കളോട് നന്ദി പറഞ്ഞാൽ തീരില്ല എന്നു സിന്ധു. ബിസിനസ് തുടങ്ങാൻ അവർ നൽകിയ പ്രോത്സാഹനം അത്ര വലിയതാണ്. പ്രോഡക്ടിന്റെ നിർമ്മാണ മേഖലയിലാണ് സിന്ധുവിന് ജോലിപരിചയമുള്ളത്. അതുകൊണ്ട് തന്നെ സ്വന്തമായി കമ്പനി തുടങ്ങിയപ്പോൾ മാർക്കറ്റിംഗിനായി അതിൽ നൈപുണ്യം നേടിയ സുഹൃത്തുക്കളുടെ അഭിപ്രായം തേടുകയാണ് സിന്ധു ചെയ്തത്. പരിചയസമ്പന്നരായ സുഹൃത്തക്കളുടെ പിന്തുണ ബിസിനസിലേക്ക് കാലെടുത്തുവെയ്ക്കാൻ സിന്ധുവിന് ധൈര്യം പകർന്നു.

വിപണി ഓൺലൈനിലേക്ക്

വൈകാതെ ആമസോൺ പോലുള്ള ഇ കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് ടോയ് ഫോറസ്റ്റിന്റെ കളിപ്പാട്ടങ്ങൾ വാങ്ങാം. ടോയ് ഫോറസ്റ്റിന്റെ വെബ് സൈറ്റ് സന്ദർശിച്ചും പരസ്യങ്ങൾ കണ്ടുമാണ് ഇപ്പോൾ ആളുകൾ ടോയ്‌സിനായി സമീപിക്കുന്നത്. അടുത്ത വർഷം എക്‌സ്പീരിയൻസ് സ്‌റ്റോർ തുടങ്ങുകയാണ് സിന്ധുവിന്റെ ലക്ഷ്യം. ഷോപ്പിൽ എത്തുന്ന കുട്ടികൾ ടോയ്‌സുമായി അടുത്ത് ഇടപഴകിയ ശേഷം ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാം.

ഡയറ്റ് ഫുഡ് സംരംഭം

സുഹൃത്തുമായി ചേർന്ന് ഡയറ്റ് ഫുഡ്‌സിന്റെ ഓൺലൈൻ വില്പനയും അടുത്തമാസം തുടങ്ങും. ഒരാഴ്ച മുതൽ 5 ആഴ്ച വരെയുള്ള ഡയറ്റ് ഫുഡ് ഓൺലൈനിലൂടെ ലഭ്യമാക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കുമാണ് ഡയറ്റ് ഫുഡ്‌സ്. തിരക്കിനിടയിലും വ്യായമം ചെയ്യാൻ സിന്ധു മറക്കില്ല. ഹെൽത്തിന് എപ്പോഴും പ്രാധാന്യം നൽകണം. കാക്കനാട്ട് സിന്ധു താമസിക്കുന്ന ഫ്‌ളാറ്റിന്റെ ടെറസിൽ അടുക്കളിയിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ കൃഷിചെയ്യുന്നുണ്ട്. എങ്ങനെ ഓരോ സമയവും പ്രൊഡക്ടീവാക്കാമെന്ന്‌ ചിന്തിക്കുകയാണ് ഈ സംരംഭക.

വിജയത്തിന് പിന്നിൽ കുടുംബം

ഭർത്താവ് സജിൽ ആണ് തന്റെ സംരംഭത്തിന്റെ ബാക്ക് ബോൺ എന്ന് സിന്ധു തുറന്നു പറയും. കിഴക്കമ്പലം സ്വദേശിയായ സജിൽ കഴിഞ്ഞ 25 വർഷമായി കൺസൾട്ടന്റായി ജോലി ചെയ്യുന്നു. ഏക മകൾ തെരേസ പത്താംക്ലാസിൽ പഠിക്കുന്നു. ടോയ്‌സിന്റെ കളറിനെക്കുറിച്ചും ഡിസൈനെക്കുറിച്ചും തെരേസ അഭിപ്രായം പറയാറുണ്ട്. വൈറ്റില സ്വദേശിയായ സിന്ധുവിന്റെ പിതാവ് അഗസ്റ്റിൻ. അമ്മ ലീലാമ്മ.

ഇഷ്ടം മൃഗങ്ങളോടും യാത്രയോടും

മൃഗങ്ങളെ വലിയ ഇഷ്ടമാണ്. നായകളാണ് അരുമകൾ. മൃഗങ്ങളോടുള്ള ഇഷ്ടംകൊണ്ടാണ് ടോയ് ഫോറസ്റ്റ് എന്നു പേരിട്ടത്. യാത്രകളോടുള്ള പ്രിയം ബുളളറ്റ് വാങ്ങാനും ഓടിക്കാനും സിന്ധുവിനെ പ്രേരിപ്പിച്ചു. സഹപാഠികൾ ചേർന്ന് യാത്രക്കായി ഒരു റൈഡേഴ്‌സ് ടീം ഉണ്ടാക്കിയിട്ടുണ്ട്. അതിരപ്പള്ളി, വാഗമൺ, വാൽപ്പാറ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബുള്ളറ്റിൽ സവാരി പോയിട്ടുണ്ട്. സിന്ധുവും കൂട്ടുകാരും ഉടൻ തന്നെ ലേ, ലഡാക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ട്.

സമയം അതീവ പ്രധാനം

വർഷങ്ങൾ സിന്ധു മനസിൽ കൊണ്ടു നടന്ന ആഗ്രഹമാണ് കഴിഞ്ഞ വർഷം പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഒരു പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് തുടങ്ങാൻ ശ്രമിക്കുക. നിരവധി സാധ്യതകൾ ഇന്നു ഉണ്ട്. പരാജയപ്പെടുമെന്നു കരുതി ബിസിനസ് തുടങ്ങാതിരിക്കരുത്.
ജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.

ഒരു കമ്പനിയിൽ ജോലിചെയ്യുന്ന സമയത്ത് 5 മണി കഴിഞ്ഞാൽ ജോലി തീർന്നു. പിന്നെ ധാരാളം സമയം ലഭിക്കും. ബിസിനസ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ 12 മണി കഴിഞ്ഞാലും ജോലി അവസാനിക്കുന്നില്ല. നാളത്തേക്കുള്ളത് പ്ലാൻ ചെയ്യണം. അങ്ങനെ ഓരോ കാര്യത്തിലും എപ്പോഴും ആക്ടീവായിരിക്കുന്നു. ബിസിനസ് മാത്രമല്ല ബിസിനസ് പഠിപ്പിക്കാനും സിന്ധു സമയം കണ്ടെത്തുന്നു. കാക്കനാട് ലണ്ടൻ കോളജിൽ എം ബി എ അധ്യാപിക കൂടിയാണ് സിന്ധു. കുട്ടികളുമായി സമയം ചെലവഴിക്കുമ്പോൾ താനും ചെറുപ്പമായി മാറുന്നുവെന്ന് സിന്ധു പറയുന്നു.

അജീന മോഹൻ