ഇഷ-ആനന്ദ് ആഡംബര വിവാഹത്തിന് മണിമുഴങ്ങുന്നു

Posted on: November 8, 2018

മുംബൈ : ആന്റിലിയയിൽ വിവാഹത്തിന്റെ മണിമുഴക്കം. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിതയുടെയും മകൾ ഇഷയാണ് വധു. വരൻ പിരമൾ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമലിന്റെ മകൻ ആനന്ദ് ആണ് വരൻ. മുകേഷിന്റെ ഔദ്യോഗിക വസതിയായ ആന്റിലിയയിൽ മോതിരക്കൈമാറ്റമൊക്കെ കഴിഞ്ഞു. ഡിസംബർ 12 ന് ആണ് ലോകം ഉറ്റുനോക്കുന്ന വിവാഹം.

സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഇരുവരുടെയും വിവാഹക്ഷണക്കത്ത്. ഇഷ അംബാനിയുടെ പേരിന്റെ ഇനീഷ്യനുകൾ പതിപ്പിച്ച വലിയൊരു ബോക്‌സിനുള്ളിലാണ് വിവാഹക്ഷണക്കത്ത്. അതു തുറന്നാൽ വീണ്ടുമൊരു ചെറിയ ബോക്‌സ്. ആ ബോക്‌സ തുറക്കുമ്പോൾ കാണുന്ന നാലു ബോക്‌സുകൾക്ക് ഗായത്രീ മന്ത്രത്തിന്റെ അകമ്പടിയുമുണ്ടത്രേ. ഈ ചെറിയ ബോക്‌സുകൾ സ്വർണത്തിൽ തീർത്തതാണെന്നും പറയുന്നു.

ഭാരതീയ പാരമ്പര്യത്തനിമയുള്ള വസ്ത്രാലങ്കാരങ്ങളോടെയാകും വധൂവരൻമാർ വിവാഹ വേദിയിലെത്തുക. അടുത്ത ബന്ധുക്കൾക്കും മറ്റ് അതിഥികൾക്കുമായി രാജസ്ഥാനിലെ ഉദയ്പ്പൂരിലാണ് വിവാഹസത്ക്കാരം. രാജകീയ സത്കാരത്തിൽ പങ്കെടുക്കാൻ പ്രൈവറ്റ് ജെറ്റുകളിലും ചാർട്ടേഡ് വിമാനങ്ങളിലുമായി നിരവധി വിവിഐപികൾ ഉദയപ്പൂരിൽ പറന്നിറങ്ങും. ആഘോഷങ്ങൾക്ക് മോടികൂട്ടാൻ നിരവധി പാരമ്പര്യ കലാരൂപങ്ങളും സംഗീത വിരുന്നും ഒരുക്കുന്നുണ്ട്.

വളരെ ചെറുപ്പം മുതൽക്കു സുഹൃത്തുക്കളാണ് ഇഷയും ആനന്ദും. പിരാമൽ ഗ്രൂപ്പിനൊപ്പം ചില സ്റ്റാർട്ടപ്പ് സംരഭങ്ങൾക്കും ചുക്കാൻ പിടിക്കുന്ന ആനന്ദ് യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൻവാനിയയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയ വ്യക്തിയാണ്. സൈക്കോളജിയിൽ ബിരുദദാരിയായ ഇഷ റിലയൻസ് സംരഭങ്ങളിലെ ബോർഡംഗവുമാണ്.