രോഹിണീസ് ടേസ്റ്റി റിട്രീറ്റ് : ഹാൻഡ് മെയ്ഡ് ചോക്കലേറ്റിലെ രുചികൂട്ട്

Posted on: September 6, 2018

കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്നവയാണ് ചോക്കലേറ്റ്. എക്ലയേഴ്‌സിൽ തുടങ്ങിയ മഞ്ചും കിറ്റ്കാറ്റും ഡയറി മിൽക്കും അതിനപ്പുറവും നീളുന്നതാണ് കേരളത്തിലെ ചോക്കലേറ്റ് വിപണി. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ചോക്കലേറ്റുകൾ വേറെ. ചോക്കലേറ്റ് ജനപ്രിയമായതോടെ ഹാൻഡ്‌മെയ്ഡ് ചോക്കലേറ്റുകൾക്കും ഡിമാൻഡായി. മൂന്നാറും കൊടൈക്കനാലും പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഹോംമെയ്ഡ് ചോക്കലേറ്റുകൾ വലിയ ബിസിനസാണ്.

നൂറ് തരം ചോക്കലേറ്റ് വൈവിധ്യങ്ങൾ നിർമ്മിക്കുന്ന സംരംഭകയാണ് കൊച്ചിയിലെ കവിത രാജീവ് കുമാർ. ഇടനിലക്കാരില്ലാതെ ഓൺലൈനിലൂടെയാണ് കവിത ചോക്കലേറ്റ് വിൽക്കുന്നത്. വൻതോതിലുള്ള ഉത്പാദനത്തിന് പോകാതെ രുചിയും ഗുണമേന്മയും നിലനിർത്തി വിപണി പിടിക്കുന്നതാണ് കവിതയുടെ ശൈലി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഹാൻഡ് മെയ്ഡ് ചോക്കലേറ്റ് നിർമാണരംഗത്തുള്ള കവിതയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്…

മധുരമുള്ള ചുവടുവെയ്പ്പ്

ബംഗലുരുവിൽ കോളേജ് അധ്യാപികയായിരുന്ന കവിത മകൻ രോഹനെ നോക്കാനായിട്ടാണ് ജോലി രാജി വെയ്ക്കുന്നത്. വെറുതെ ഇരുന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുന്ന ജോലികളെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി. അയൽവാസിയായ സുഹൃത്ത് ചോക്കലേറ്റ്  ഉണ്ടാക്കുന്നത് കാണ്ടപ്പോഴാണ് വീട്ടിലും ചോക്കലേറ്റ് ഉണ്ടാക്കാമെന്ന് കവിത മനസിലാക്കുന്നത്. തുടർന്ന് ചോക്ലേറ്റ് നിർമാണം ക്ലാസിൽ ചേർന്ന് പഠിച്ചു. ചോക്കലേറ്റ് ഉണ്ടാക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി. അവർ നല്ല അഭിപ്രായം പറഞ്ഞപ്പോൾ ആത്മവിശ്വാസമായി.

ഇതിനിടെ ഐസിഐസിഐ ബാങ്ക് മാനേജരായിരുന്ന ഭർത്താവ് രാജീവ് കുമാറിന് എറണാകുളത്തേക്ക് സ്ഥലമാറ്റം കിട്ടുന്നത്. എറണാകുളത്ത് എത്തിയപ്പോഴും ചോക്കലേറ്റ് നിർമാണത്തോടുള്ള അഭിനിവേശം കുറഞ്ഞില്ല. വീണ്ടും സീരിയസായി ചോക്കലേറ്റ് നിർമാണത്തിലേക്ക് തിരിഞ്ഞു. ചോക്കലേറ്റ് നിർമ്മിച്ചപ്പോൾ വില്പന വെല്ലുവിളിയായി. കടകളിൽ ചോദിച്ചപ്പോൾ നൂറു കൂട്ടം നൂലാമാലകൾ. ഫുഡ്‌സേഫ്ടി സർട്ടിഫിക്കേറ്റ്, ക്രെഡിറ്റ് തുടങ്ങി നിരവധി പ്രശ്‌നങ്ങൾ. എംഎസ്എംഇ രജിസ്‌ട്രേഷൻ എടുത്തെങ്കിലും കേരളത്തിലെ കടകളിൽ കവിതയുടെ ചോക്കലേറ്റ് വിൽക്കാനായില്ല.

ഓൺലൈൻ ഓപ്പണിംഗ്

തന്റെ സംരംഭം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോയെന്ന്  ആശങ്കപ്പെടുന്നതിനിടെയാണ് ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയുള്ള വില്പന എന്ന ആശയം കവിതയുടെ മനസിലേക്ക് എത്തുന്നത്. ധൈര്യം പകർന്ന് ഭർത്താവും സുഹൃത്തുക്കളും ഒപ്പം നിന്നു. കുറച്ച് ചോക്കലേറ്റ്‌സ് ഉണ്ടാക്കി ഫോട്ടോയും ഡീറ്റെയ്ൽസും ഓൺലൈനിൽ പോസ്റ്റു ചെയ്തു. പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് കവിത പറഞ്ഞു. കൂടുതലും കേരളത്തിനു പുറത്തുള്ളവരാണ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചത്. അങ്ങനെ 2008 ൽ രോഹിണീസ് ടേസ്റ്റി ട്രീറ്റ്‌സ് എന്ന പേരിൽ ഓൺലൈൻ ചോക്കലേറ്റ് ബിസിനസ് തുടങ്ങി.

ചോക്കലേറ്റ്‌സ് കസ്റ്റമേഴ്‌സിലേക്ക് എത്തിക്കാൻ കൊറിയർ കമ്പനിയുമായി തുടക്കം മുതൽ ധാരണയിലെത്തി. അത് ബിസിനസിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട്. തുടക്കത്തിൽ ഒരു മാസം 50 പായ്ക്കറ്റ്‌സിന്റെ വരെ ഓർഡർ ലഭിച്ചു. പിന്നീട് കൂടുതൽ ഓർഡർ ലഭിച്ചു തുടങ്ങി. ഇ കൊമേഴ്‌സ് സൈറ്റുകൾ വഴി വില്പന നടത്തുമ്പോൾ സൈറ്റിന്റെ മധ്യസ്ഥത ഉണ്ട്. ഓർഡർ ചെയ്തയാൾ ചോക്കലേറ്റ്‌സ് ലഭിച്ചു എന്ന് രേഖപ്പെടുത്തുമ്പോൾ പണം റിലീസ് ചെയ്യും. പേമെന്റ്‌സിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട. ഇപ്പോൾ ആഴ്ചയിൽ ചുരുങ്ങിയത് പത്തു ഓർഡർ എങ്കിലും ലഭിക്കുന്നുണ്ട്.

രുചിക്കൂട്ടുകളുടെ വൈവിധ്യം

നൂറ് തരം ചോക്കലേറ്റ് വൈവിധ്യങ്ങളുടെ റെസിപ്പി കവിത രാജീവ് കുമാറിന് സ്വന്തം. ഹെർബൽ ചോക്കലേറ്റ്‌സ്, സ്‌പൈസ് ചോക്കലേറ്റ് തുടങ്ങിയ നിരവധി രുചിവൈവിധ്യങ്ങൾ സൂപ്പർ ഹിറ്റാണ്. സ്വന്തമായി തയാറാക്കിയ ക്രീം ബേസ്ഡ് ഫില്ലിംഗ് ആണ് ചോക്കലേറ്റിലെ ഉള്ളടക്കം. ഏത് മെസേജും ചിത്രവും ചോക്കലേറ്റിൽ പ്രിന്റ് ചെയ്യാം. ചോക്കലേറ്റിന്റെ ചേരുവകളിൽ തുടങ്ങി സൈസ്, ഡിസൈൻ, പായ്ക്കിംഗിൽ വരെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപഭോക്താവ് ആഗ്രഹിക്കുന്ന രീതിയിൽ ചോക്കലേറ്റ് ഗിഫ്റ്റ് ബോക്‌സ്, ബാസ്‌ക്കറ്റ് തുടങ്ങിയവയിൽ തയാറാക്കി നൽകുന്നു. 700 രൂപ മുതലാണ് ചോക്കലേറ്റിന്റെ വില.

കസ്റ്റമൈസ്ഡ് റെസിപ്പിക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും കമ്പനികളിൽ നിന്ന് ലഭിക്കാറുണ്ടെന്ന് കവിത പറഞ്ഞു. പുതിയ റെസിപ്പികൾ പരീക്ഷണത്തിലൂടെ കണ്ടെത്തി കമ്പനികൾക്ക് അയച്ചു കൊടുക്കും. അവർ അത് ലാബിൽ ടെസ്റ്റ് ചെയ്ത് ഫീഡ് ബാക്ക് അറിയിക്കും.

ചോക്കലേറ്റ് അധ്യാപിക

കോളജ് അധ്യാപികയിൽ നിന്നാണ് കവിത സംരംഭകയായി വളർന്നത്. എങ്കിലും അധ്യാപനത്തോടുള്ള പാഷൻ കൈവിട്ടില്ല. ഇപ്പോൾ ക്ലാസെടുക്കുന്നത് ചോക്കലേറ്റ് മേക്കിംഗിനെ കുറിച്ചാണെന്നുമാത്രം. ചോക്കലേറ്റിൽ താൻ നടത്തിയ പരീക്ഷണങ്ങളിലൂടെ ലഭിച്ച അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകാൻ കവിതയ്ക്ക് മടിയില്ല. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ചോക്കലേറ്റ് നിർമാണം പഠിക്കാൻ ആളുകൾ കവിതയെ തേടിയെത്തുന്നു. വീട്ടമ്മമാരും ബേക്കറിയുടമകളുംവരെ ഇക്കൂട്ടത്തിലുണ്ട്.

എട്ട് പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകൾക്കാണ് ക്ലാസ് നൽകുന്നത്. പഠിതാക്കളുടെ എണ്ണം കൂടിയാൽ എല്ലാവർക്കും പരിശീലനം നേടാനുള്ള അവസരം കുറയും. ചോക്കലേറ്റ് എങ്ങനെ മാർക്കറ്റ് ചെയ്യുമെന്ന കാര്യം ആദ്യം പരിശോധിക്കണമെന്ന് പഠിക്കാൻ വരുന്നവരെ കവിത ഓർമ്മിപ്പിക്കുന്നു. ചോക്കലേറ്റ് നിർമ്മിക്കാൻ 100 രൂപ മുതൽ 3000 രൂപ വരെ വിലയുള്ള ചേരുവകൾ ഉണ്ട്. നമ്മൾ ലക്ഷ്യമിടുന്ന ഉപഭോക്താക്കളെ മുന്നിൽ കണ്ടുവേണം ചേരുവകൾ പോലും തെരഞ്ഞെടുക്കാനെന്ന് തന്റെ അനുഭവത്തിൽ നിന്ന് കവിത ചൂണ്ടിക്കാട്ടി.

ചോക്കലേറ്റിലെ വിജയം കേക്കുകളിലും കവിത ആവർത്തിച്ചു. കവിത 2012 മുതൽ വിവിധ രുചിയിലും ഡിസൈനിലും കേക്കുകൾ നിർമ്മിച്ചു വരുന്നു. കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്നത് അനുസരിച്ച് മാത്രമാണ് കേക്കുകൾ ഉണ്ടാക്കുന്നത്. എന്നാലും കൂടുതൽ ശ്രദ്ധ ചോക്കലേറ്റിൽ തന്നെയാണ്. ഇപ്പോൾ ചോക്കലേറ്റ് നിർമാണം സ്വദേശമായ പാലക്കാട്ടേക്ക് മാറ്റി. വൈകാതെ കൊച്ചിയിൽ ചോക്കലേറ്റിന്റെയും കേക്കിന്റെയും ഒരു ഷോപ്പ് ആരംഭിക്കാനാണ് കവിതയുടെ പ്ലാൻ.