പ്രളയബാധിതര്‍ക്ക് ഡിപി വേള്‍ഡ് ഒരുക്കുന്ന വീടുകളുടെ നിര്‍മ്മാണം തുടങ്ങി

Posted on: February 27, 2019

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ഡിപി വേള്‍ഡ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണോത്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 50 വീടുകളാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് നിര്‍മ്മിക്കുന്നത്. കടമക്കുടിക്ക് പുറമെ ചേന്ദമംഗലം, കോട്ടുവള്ളി, മൂത്തുകുന്നം, ആലങ്ങാട്, ചേരാനെല്ലൂര്‍, നായരമ്പലം, എടവനക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുക.

വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിലൂടെ പ്രളയബാധിത കുടുംബങ്ങളെ മുഖ്യധാരയിലേക്ക് തിരികെ എത്തിച്ച് നിലനിര്‍ത്തുന്ന ഒരു ചവിട്ടുപടിയായി വര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡി.പി. വേള്‍ഡ് കൊച്ചിയുടെ സി.ഇ.ഒ. പ്രവീണ്‍ തോമസ് ജോസഫ് പറഞ്ഞു.

കടമക്കുടിയിലെ ചേന്നൂരില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ. എസ്. ശര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സോന ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീന ഫ്രാന്‍സീസ്, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഷൈജു, വാര്‍ഡ് മെമ്പര്‍ ഷീജ ജോസ്, എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് ഫാദര്‍ മാര്‍ട്ടിന്‍ അഴിക്കകത്ത്, ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി എന്നിവര്‍ സംസാരിച്ചു.