ആസ്റ്റര്‍-റോട്ടറി ഹോംസ് വീടുകള്‍ക്ക് തറക്കല്ലിട്ടു

Posted on: February 26, 2019

കൊച്ചി : ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റോട്ടറി കൊച്ചിന്‍ ഹാര്‍ബറുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആസ്റ്റര്‍-റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യ ക്ലസ്റ്റര്‍ വീടുകള്‍ക്ക് തറക്കല്ലിട്ടു.  പദ്ധതിയുടെ ഭാഗമായി കളമശേരി നിയോജക മണ്ഡലത്തില്‍പെട്ട കുന്നുക്കര പഞ്ചായത്തിലെ വടക്കന്‍ കുത്തിയതോട് വേളാങ്കണ്ണി മാതാ കോളനിയിലാണ് എട്ട് വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. കുത്തിയതോട് ഹരിജന്‍ കോളനിയിലെ കാര്‍ത്തി കുറുമ്പന്‍, തിണ്ടുമ്മേല്‍ അമ്മിണി ചന്ദ്രന്‍, ശ്യാംലാല്‍, മോഹനന്‍, കോലഞ്ചേരിക്കാട് സുബ്രഹ്മണ്യന്‍, തീണ്ടുമ്മേല്‍ തെറ്റ കഞ്ഞി ചാത്തന്‍, ഗിരിജ, കുത്തിയതോട് തങ്ക എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

ചലച്ചിത്രതാരം ജയസൂര്യ ആസ്റ്റര്‍-റോട്ടറി ഹോംസ് ക്ലസ്റ്റര്‍ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയിലും ആസ്റ്റര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. ആസ്റ്റര്‍ വോളണ്ടിയേഴ്‌സും റോട്ടറി കൊച്ചിന്‍ ഹാര്‍ബറും ചേര്‍ന്നാണ് പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നത്. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ റോട്ടറി ഇന്റര്‍നാഷണലുമായി ചേര്‍ന്ന് പ്രളയബാധിതര്‍ക്ക് സംസ്ഥാനത്തെമ്പാടുമായി 75 വീടുകള്‍ നിര്‍മ്മിച്ചുനല്കുന്നതിന് പുറമേയാണ് റോട്ടറി കൊച്ചിന്‍ ഹാര്‍ബറുമായി ചേര്‍ന്നുള്ള പദ്ധതി.

അപ്രതീക്ഷിതമായ പ്രകൃതിദുരന്തം നേരിട്ട കേരളത്തിലെ ഒട്ടേറെപ്പേര്‍ ഏറെ ദുരിതങ്ങളെ നേരിടേണ്ടി വന്നുവെന്നും ഇവര്‍ക്ക് സുരക്ഷിതമായൊരു വീട് നിര്‍മ്മിച്ചുനല്കുന്നതിനും ഭാവിയില്‍ ഇവരുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ തിളക്കം നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്നും ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഈ ദൗത്യത്തില്‍ റോട്ടറി കൊച്ചിന്‍ ഹാര്‍ബറുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയദുരന്തം നേരിട്ടവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് മികച്ച പിന്തുണ നല്കുന്നതാണ് സ്വകാര്യമേഖലയുടെ ഇത്തരം സംരംഭങ്ങളെന്ന് കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ പറഞ്ഞു. പ്രളയത്തില്‍ ദുരിതം നേരിട്ടവര്‍ക്കായി ആസ്റ്റര്‍ ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനകള്‍ നല്കിയതിന് പുറമേ സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ദുരിതാബാധിതര്‍ക്കു കൂടി പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുത്തു നടത്തുന്നുവെന്നത് ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.