പ്രളയബാധിതര്‍ക്ക് ഡിപി വേള്‍ഡ് ഒരുക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നടത്തി

Posted on: February 20, 2019

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ഡിപി വേള്‍ഡ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 50 വീടുകളാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് നിര്‍മ്മിക്കുന്നത്. കോട്ടുവള്ളിക്ക് പുറമെ ചേന്ദമംഗലം, മൂത്തുകുന്നം, ആലങ്ങാട്, കടമക്കുടി, ചേരാനെല്ലൂര്‍, നായരമ്പലം, എടവനക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുക.

ജില്ലാ ഭരണകൂടമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമായാണ് നിര്‍മ്മാണം. 500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് വീടുകള്‍. ഓരോന്നിനും 7.25 ലക്ഷം രൂപ വീതമാണ് ചെലവ്. 2 കിടപ്പു മുറികളും, ശൗചാലയവും, ഊണുമുറിയുമാണുള്ളത്. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുമാണ് നടത്തിപ്പുകാര്‍. മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

കോട്ടുവള്ളിയില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ എം.എല്‍.എ. വി.ഡി. സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളില്‍, കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത, ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, വാര്‍ഡ് മെമ്പര്‍മാരായ സി.എം. രാജു, സി.കെ. അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

TAGS: DP World |