മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

Posted on: January 28, 2019

തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനമികവ് പുലര്‍ത്തുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മുത്തൂറ്റ് എം ജോര്‍ജ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ 40 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. തിരുവനന്തപുരം വി ജെ ടി ഹാളില്‍ നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എം എല്‍ എ സ്‌കോളര്‍ഷിപ് വിതരണം നിര്‍വഹിച്ചു.

പഠനച്ചെലവേറിയ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുത്തൂറ്റ് ഗ്രൂപ്പ് നല്‍കുന്ന ധനസഹായം കഴിവുറ്റ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായകമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിന്റെ വിനിയോഗം അര്‍ഹരായവരുടെ കൈകളില്‍ നേരിട്ട് എത്തിക്കുന്നതാണ് ഉചിതമെന്നും ഇക്കാര്യത്തില്‍ മുത്തൂറ്റ് ഗ്രൂപ്പ് മാതൃകയാണെന്നും മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ പറഞ്ഞു.

മെഡിസിന്‍, എഞ്ചിനീയറിംഗ്, ബി എസ് സി നേഴ്‌സിംഗ്, ബി കോം വിദ്യാര്‍ഥികളില്‍ രണ്ടുലക്ഷത്തില്‍ താഴെ പ്രതിവര്‍ഷ വരുമാനമുള്ള കുടുംബങ്ങളിലെ 80 ശതാമനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ കുട്ടികള്‍ക്കാണ് മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ നല്‍കിയത്. പത്ത് എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപ വീതവും 10 ബി ടെക് വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ വീതവും 10 ബി എസ് സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ വീതവും 10 ബി കോം വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠന മികവു പുലര്‍ത്തുന്ന കുട്ടികളെ സാമ്പത്തിക ബാധ്യതകളില്ലാതെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് ഫൗണ്ടേഷന്‍ ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. കേരളത്തിന് പുറമേ, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, മുംബൈ, ഗോവ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കി വരുന്നുണ്ടെന്ന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് അറിയിച്ചു.