അവയവ ദാനം സർക്കാർ മാനദണ്ഡം സുതാര്യം : കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Posted on: December 19, 2018

കൊച്ചി : മരണാനന്തര അവയവ ദാനത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിഴവറ്റതും, സുതാര്യവുമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തേവര സേക്രട്ട് ഹാർട്ട് കോളേജിന്റെയും, നാഷണൽ സർവ്വീസ് സ്‌കീംയൂണിറ്റിന്റെയും സഹകരണത്തോടെ അവയവദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം.

സ്വകാര്യ ആശുപത്രികൾ കൃത്രിമമായി മസ്തിഷ്‌ക മരണം നടത്തി അവയവം കവരുന്നുവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമെന്നും, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് കിടയറ്റതും, വിശ്വാസ പൂർണ്ണവുമായ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നതെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ 11 ാമത് ആദരിക്കൽ ചടങ്ങാണിത്. പുത്തൻവേലിക്കരയിൽ സ്‌കൂൾ വാനിൽ നിന്നും തെറിച്ച് വീണ് മരണപ്പെട്ട 13 വയസുകാരി അഖില ആന്റണി, കരുനാഗപ്പള്ളിയിൽ ബൈക്ക് അപകടത്തെത്തുടർന്ന് മരണപ്പെട്ട 20 വയസുകാരൻ നിഥിൻ, രക്തസമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ട വൈറ്റില സ്വദേശി 35 വയസുള്ള ബിനു കൃഷ്ണൻ, ബസ് സറ്റോപ്പിൽ നിൽക്കെ നിയന്ത്രണം വിട്ട കാർ തട്ടി മരണപ്പെട്ട അരൂർ സ്വദേശി 44 വയസുള്ള സുനിൽ കുമാർ എന്നിവരുടെ കുടുംബാംഗങ്ങളെയാണ് ബഹുമതി പത്രം നൽകി ആദരിച്ചത്. മരണാനന്തര അവയവദാനത്തിന് ഈ നാലുപേരുടെയും കുടുംബാംഗങ്ങൾ സമ്മതം നൽകിയതിനാൽ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങിൽ (കെ.എൻ.ഒ.എസ്) പേര് നൽകി കാത്തിരുന്ന 30 പേർക്ക് ജീവിതം തിരികെ കിട്ടി.

നന്മ ചെയ്ത് കടന്നു പോകുന്നതിനാവശ്യമായ മൂല്യബോധം കുട്ടികളിൽ ഉണ്ടാകണമെന്നും, ഡിസംബർ 21 നകം എസ്.എച്ച് കോളേജ് സമ്പൂർണ്ണ അവയവദാന സമ്മതപത്രം നൽകി സമൂഹത്തിന് മാതൃകയാകുമെന്നും, കോളേജിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ നല്ല ഭക്ഷണ ശീലവും, പരിസ്ഥിതി സംരക്ഷണവും ശീലമാക്കി വൃക്ക സംരക്ഷണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും പ്രിൻസിപ്പാൾ ഫാ. ഡോ. പ്രശാന്ത് പാലക്കപ്പിള്ളി പറഞ്ഞു.

ചടങ്ങിൽ എം.ജി സർവകലാശാല എൻ.എസ്.എസ് കോർഡിനേറ്റർ പ്രഫ.എം.ജെ മാത്യു, കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. രമ്യ രാമചന്ദ്രൻ, ചിറ്റിലപ്പിളളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, ഡയറക്ടർ ജേക്കബ് കുരുവിള, മാനേജർ ബെന്റ്‌ലി താടിക്കാരൻ എന്നിവർ പ്രസംഗിച്ചു.