സ്പെറീഡിയന്‍ ടെക്‌നോളജീസ് ദുരിതാശ്വാസ നിധിയിലേക്ക് 37 ലക്ഷം രൂപ നല്‍കി

Posted on: December 12, 2018

തിരുവനന്തപുരം : ടെക്നോപാര്‍ക്കിലെ സ്പെറീഡിയന്‍ ടെക്‌നോളജിയിലെ ജീവനക്കാര്‍ 37 ലക്ഷം രൂപ മുഖ്യ മന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്പെറീഡിയന്‍ ടെക്‌നോളജിയുടെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ മേധാവിയുമായ സതീഷ് ഗാന്‍ട, കമ്പനിയുടെ ഡയറക്ടര്‍ ഋഷികേശ് ശശി, ജനറല്‍ മാനേജര്‍ നിമേഷ് ബമ്മര്‍ തുടങ്ങിയവര്‍ സംസ്ഥാന ഐ. ടി പാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായരുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ എത്തിയാണ് തുക കൈമാറിയത്.

സ്പെറീഡിയന്‍ കമ്പനി ജീവനക്കാരും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ടവരെ സംരക്ഷിക്കുവാന്‍ ധന സഹായം നല്‍കുന്നതിനൊപ്പം മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും മുന്നോട്ടിറങ്ങിയതില്‍ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായി കമ്പനിയുടെ ചെയര്‍മാന്‍ ഗിരീഷ് പണിക്കര്‍ പറഞ്ഞു. സംസ്ഥാനത്തെ ഐ. ടി. കമ്പനികളും, ജീവനക്കാരും നടത്തിയ ദുരിതാശ്വാസ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും നവകേരളാ നിര്‍മാണത്തിന് സാങ്കേതിക മേഖലയുടെ സഹായം കൂടുതലായി ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ടെക്‌നോപാര്‍ക്ക് സി ഇ ഒ ഋഷികേശ് നായര്‍ അഭിപ്രായപ്പെട്ടു.