ആസ്റ്റർ വോളണ്ടിയേഴ്‌സിന് സിഎസ്ആർ മികവിനുള്ള ഐഎച്ച്എഫ് പുരസ്‌കാരം

Posted on: October 23, 2018

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സിഎസ്ആർ പരിപാടിയായ ആസ്റ്റർ വോളണ്ടിയേഴ്‌സിന് ഇന്റർനാഷണൽ ഹോസ്പിറ്റൽ ഫെഡറേഷന്റെ (ഐഎച്ച്എഫ്) 2018 ലെ ഏറ്റവും മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അവാർഡ്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിൽ നടന്ന നാൽപ്പത്തിരണ്ടാമത് വേൾഡ് ഹോസ്പിറ്റൽ കോൺഗ്രസിൽ അവാർഡ് സമ്മാനിച്ചു.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ മുപ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ആസ്റ്റർ വോളണ്ടിയേഴ്‌സിന് രൂപം നല്കിയത്. സഹായം നല്കാൻ താത്പര്യമുള്ളവരും സഹായം ആവശ്യമുള്ളവരും തമ്മിലുള്ള വിടവ് നികത്തുക എന്നതായിരുന്നു ആസ്റ്റർ വോളണ്ടിയേഴ്‌സിന്റെ ലക്ഷ്യം. ഇന്ത്യയും ജിസിസിയും അടക്കം ഒൻപത് രാജ്യങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന ആസ്റ്റർ വോളണ്ടിയേഴ്‌സിൽ മെഡിക്കൽ രംഗത്തുനിന്ന് അടക്കം ജീവിതത്തിന്റെ വിവിധ തുറകളിൽനിന്നുള്ള 8386 പേർ അംഗങ്ങളാണ്. ദശലക്ഷക്കണക്കിന് പേർക്ക് സഹായം എത്തിക്കാൻ ആസ്റ്റർ വോളണ്ടിയേഴ്‌സിന് സാധിച്ചു.

ആരോഗ്യരംഗത്ത് അനുകമ്പ, ആർജ്ജവം, ആദരവ് എന്നീ മൂല്യങ്ങൾക്ക് പ്രാധാന്യം നല്കുകയും ലാഭം എന്നത് ഒരു ഉപോത്പന്നമായി മാത്രം കണക്കാക്കുകയും ചെയ്യുക എന്നതാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ വിശ്വസിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. സഹായം ആവശ്യമുള്ളവർക്ക് ആസ്റ്റർ വോളണ്ടിയേഴ്‌സിലൂടെ സഹായം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ആഗോളരംഗത്ത് പേരെടുത്ത ഐഎച്ച്എഫ് പോലെയൊരു സ്ഥാപനത്തിൽനിന്ന് ഈ പദ്ധതിക്ക് അംഗീകാരം നേടിയതിൽ സന്തോഷമുണ്ടെന്ന് അദേഹം പറഞ്ഞു.