എസ് ബി ഐ ഗ്രീന്‍ മാരത്തോണ്‍ രണ്ടാം സീസണ്‍

Posted on: September 19, 2018

കൊച്ചി : ഗ്രീന്‍ മാരത്തോണിന്റെ വിജയത്തെ തുടര്‍ന്ന് അതിന്റെ രണ്ടാമത്തെ സീസണുമായി എസ് ബി ഐ ബാങ്ക്. ഹരിതാഭമായ ഒരു ഭാവിയ്ക്കുള്ള പ്രതിജ്ഞയുമായി രാജ്യത്തെ 15 നഗരങ്ങളില്‍ ഗ്രീന്‍ മാരത്തോണ്‍ രണ്ടാം സീസണ്‍ നടക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരത്ത് 5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ ഓട്ടം നടക്കും. ശുചിത്വവും പച്ചപ്പും നിറഞ്ഞ ഒരു ലോകത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ 2300ലേറെ പേര്‍ പങ്കെടുക്കും. പൂര്‍ണമായും മാലിന്യരഹിതമായിട്ടായിരിക്കും പരിപാടി നടത്തുക.

സെപ്തംബര്‍ 30ന് ഡല്‍ഹിയില്‍ ആണ് മാരത്തോണിന് തുടക്കം കുറിക്കുന്നത്. ലക്‌നൗ, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, ബംഗലുരു, തിരുവനന്തപുരം, ഗുവാഹത്തി, ഭോപ്പാല്‍, ഭുവനേശ്വര്‍, ചെന്നൈ, ഛണ്ഡീഗഡ്, അഹമ്മദാബാദ്, പട്‌ന എന്നിവിടങ്ങളിലെ പരിപാടിക്ക് ശേഷം 2019 മാര്‍ച്ച് 4ന് ജയ്പൂരില്‍ എസ്ബിഐ ഗ്രീന്‍ മാരത്തോണിന്റെ സമാപനം നടക്കും.

5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നീ കാറ്റഗറികളാണ് ഇത്തവണ ഉള്‍പ്പെടുത്തുക. എസ് ബി ഐ ഗ്രീന്‍ മാരത്തോണിന്റെ വിജയത്തെ തുടര്‍ന്ന് അതിന്റെ രണ്ടാം സീസണ്‍ അവതരിപ്പിക്കാന്‍ സാധിച്ചത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ് ബി ഐ ഡിഎംഡി – സിഎഫ്ഒ & സിഡിഒ പ്രശാന്ത് കുമാര്‍ പറഞ്ഞു.

പച്ചപ്പ് നിറഞ്ഞ ലോകത്തിനായുള്ള മാറ്റത്തിന് വേണ്ടിയുള്ള ഏജന്റുമാരായാണ് മാരത്തോണില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കണക്കാക്കുന്നത്. പച്ചപ്പിന് വേണ്ടി ഓടുക എന്നതാണ് മാരത്തോണിന്റെ ആശയം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ജൈവ ടി-ഷര്‍ട്ടുകള്‍ നല്‍കും. മാരത്തോണിന് ശേഷം എല്ലാവരും വിത്തുകള്‍ നടും. പുനരുപയോഗിക്കുകയും മണ്ണില്‍ അലിഞ്ഞ് ചേരുകയും ചെയ്യുന്ന വസ്തുക്കള്‍ മാത്രമേ പരിപാടിയില്‍ ഉപയോഗിക്കൂ.

മാരണത്തോണില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് bookmyshow.com,
youtoocanrun.com എന്നീ വെബ്‌സൈറ്റുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.