മെഡിക്കൽ ക്യാമ്പുകളുമായി കോലാപൂരിൽ നിന്ന് ആസ്റ്റർ വോളന്റിയേഴ്‌സ്

Posted on: August 31, 2018

കൊച്ചി : പ്രളയ ദുരിതാശ്വാസത്തിന് കോലാപൂരിൽ നിന്നുള്ള ആസ്റ്റർ ആധാർ ഹോസ്പിറ്റൽ സംഘം. ഡോക്ടർമാരുൾപ്പെടെയുള്ള 750 ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകാൻ തീരുമാനിച്ചതിന് പുറമെയാണ് ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമടങ്ങിയ സംഘം കേരളത്തിലെത്തി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലായി 35 മെഡിക്കൽ ക്യാമ്പുകളാണ് സംഘം നടത്തിയത്. മെഡിക്കൽ സേവനങ്ങൾക്കപ്പുറം പ്രളയബാധിതർക്ക് ആഹാരസാമഗ്രികളും വിതരണം ചെയ്തു. കോലാപൂരിലെ സന്നദ്ധസംഘടനകളായ വൈറ്റ് ആർമി, കോർഗൗങ്കാർ എന്നിവരുടെ സഹകരണത്തോടെയാണ് ആസ്റ്റർ ആധാർ വോളന്റിയേഴ്‌സ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്.

ആസ്റ്റർ വോളന്റിയേഴ്‌സ് പ്രളയബാധിതർക്ക് അവശ്യമരുന്നുകളും ഭക്ഷണസാധനങ്ങളും ലഭ്യമാക്കി. തിരുവോണദിനത്തിലും പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളുടെ ശുചീകരണപ്രവർത്തനങ്ങളിലും ആസ്റ്റർ ആധാർ വോളന്റിയേഴ്‌സ് സജീവപങ്കാളികളായി. മെഡിക്കൽ ക്യാമ്പുകളിലെ അന്തേവാസികളായ കുട്ടികൾക്കായി പഠനോപകരണങ്ങളും സ്‌ക്കൂൾബാഗുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.

പ്രളയക്കെടുതികൾക്കിടയിലും കേരളത്തിലെ ജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണമനോഭാവവും സമീപനവും തങ്ങളെ ആഴത്തിൽ സ്വാധീനിച്ചതായി ആധാർ ഹോസ്പിറ്റൽ വോളന്റിയേഴ്‌സ് സംഘത്തലവൻ രവീന്ദ്ര ദേശായി പറഞ്ഞു.