പ്രളയദുരിതം : സഹായവുമായി എസ്ബിഐ

Posted on: August 30, 2018

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടു കോടി രൂപ സംഭാവന ചെയ്തു. കൂടാതെ 2.7 ലക്ഷം വരുന്ന ജീവനക്കാരോട് ഉദാരമായി സംഭാവന ചെയ്യാനും ബാങ്ക് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജീവനക്കാര്‍ ശേഖരിക്കുന്ന അത്രയും തന്നെ തുക ബാങ്കും നല്‍കും.

ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് എസ്ബിഐ എല്ലാ വിധത്തിലുമുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രളയത്തില്‍പ്പെട്ട എടിഎമ്മുകളും ബ്രാഞ്ചുകളും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാനുള്ള നടപടികളും ബാങ്ക് സ്വീകരിക്കുന്നുണ്ട്. മൊത്തത്തിലുള്ള സ്ഥിതി ഗതികള്‍ വിലയിരുത്തി താല്‍ക്കാലിക ഓഫീസുകള്‍ തുറക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ബാങ്ക് ഇടപാടുകള്‍ക്ക് ഈടാക്കികൊണ്ടിരിക്കുന്ന വിവിധ ചാര്‍ജുകള്‍ നിശ്ചിത കാലയളവിലേക്ക് കേരളത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വായ്പകള്‍ക്കുള്ള പ്രോസസിങ് ചാര്‍ജുകള്‍, എടിഎം കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍ എന്നിവയുടെ ഡൂപ്ലിക്കേറ്റിനുള്ള ചാര്‍ജുകള്‍, ഇ എം ഐ വൈകുന്നതിനുള്ള ലേറ്റ് പേയ്‌മെന്റ് ഫീ, നെഫ്റ്റ്/ആര്‍ടിജിഎസ് തുടങ്ങിയ സിഎംഡിആര്‍എഫ് ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍, മിനിമം ബാലന്‍സ് ഇല്ലാത്തതിനുള്ള പിഴ തുടങ്ങിയവയ്ക്കാണ് ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതു കൂടാതെ ദുരിത ബാധിതര്‍ക്ക് മറ്റു സഹായങ്ങളും ബാങ്ക് നല്‍കുന്നുണ്ട്. നിലവിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഉദാരമായി എക്‌സ്പ്രസ് ക്രെഡിറ്റ് ലഭ്യമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീമുള്ള പി ഒ എസുകളില്‍ പണം ലഭ്യമാക്കിയിട്ടുണ്ട്. നിത്യ ഉപയോഗത്തിനായി ഉപഭോക്താക്കള്‍ക്ക് 2000 രൂപ എടുക്കാം. പ്രളയെത്ത തുടര്‍ന്ന് പ്രധാന രേഖകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് ഫോട്ടോയും ഒപ്പ്/വിരലടയാളം മാത്രം കൊണ്ട് ചെറിയ അക്കൗണ്ടുകള്‍ തുറക്കാം. 

TAGS: SBI |