സിഎസ്ആര്‍ ലംഘനം 272 കമ്പനികള്‍ക്ക് നോട്ടീസ്

Posted on: July 26, 2018

 

കമ്പനീസ് ആക്റ്റ് പ്രകാരമുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയ 272 കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍,ശരാശരി മൂന്നു വര്‍ഷത്തെ വാര്‍ഷിക അറ്റാദായത്തിന്റെ രണ്ട് ശതമാനമെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമായ തുക ചെലവഴിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അതിനുള്ള കാരണം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അറിയിക്കേണ്ടതുണ്ട്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബാധ്യസ്ഥരായ 1,000 കമ്പനികളുടെ റെക്കോര്‍ഡുകള്‍ വിശകലനം ചെയ്യാന്‍ സെന്‍ട്രലൈസ്ഡ് സ്‌ക്രൂട്ടിനി ആന്‍ഡ് പ്രോസിക്യൂഷന്‍ മെക്കാനിസത്തെ (സിഎസ്പിഎം) നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

പരിശോധനയുടെ അടിസ്ഥാനത്തില്‍ 272 കമ്പനികള്‍ക്കെതിരെ പ്രാഥമിക നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇത് തുടര്‍ച്ചയായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ആര്‍ ചെലവഴിക്കുന്നതില്‍ ആവശ്യകതകള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാത്തതും അതിന് സാധുവായ കാരണം വെളിപ്പെടുത്താത്തതുമായ കമ്പനികള്‍ക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. സിഎസ്ആര്‍ ചുമതലകള്‍ നിറവേറ്റാത്ത സ്ഥാപനങ്ങളെ കണ്ടെത്താന്‍ 2018 ഏപ്രിലിലാണ് കോര്‍പറേറ്റ് മന്ത്രാലയം സിഎസ്പിഎം രൂപീകരിച്ചത്. ആകെയുള്ള 6,286 കമ്പനികളില്‍ 2,203 കമ്പനികള്‍ 2016-17 കാലഘട്ടത്തില്‍ സിഎസ്ആര്‍ ആയി ചെലവിടേണ്ട തുകയേക്കാള്‍ അധികം ചെലവഴിച്ചു. 3,718 കമ്പനികള്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചില്ല. 346 കമ്പനികള്‍ ഒരു രൂപ പോലും സിഎസ്ആറായി ചെലവാക്കിയില്ല.

TAGS: CSR |