ജനറൽ ആശുപത്രിയിലെ സൗജന്യ ഭക്ഷണ വിതരണ പദ്ധതിക്ക് യുസഫലിയുടെ കൈത്താങ്ങ്

Posted on: June 11, 2018

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുര പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യുസഫലിയുടെ സ്‌നേഹസ്പർശം. പദ്ധതിക്ക് ഒരു കോടി രൂപ യുസഫലി കൈമാറും. ബുധനാഴ്ച രാവിലെ 11 ന് ആശുപത്രി അങ്കണത്തിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ഒരു കോടി രൂപയുടെ ഡ്രാഫ്റ്റ് ഏറ്റുവാങ്ങും.

പി. രാജീവ് രാജ്യസഭാംഗമായിരിക്കെ ആറ് വർഷം മുമ്പാണ് ഊട്ടുപുര പദ്ധതി ആരംഭിച്ചത്. ഒരു ദിവസത്തെ ഭക്ഷണത്തിന് 50,000 രൂപ ചെലവ് വരുന്നുണ്ട്. ഊട്ടുപുരയ്ക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചി ശാഖ സംഘടിപ്പിക്കുന്ന ഹരിത ജീവനം സംഗീത സന്ധ്യയോടനുബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവിന്റെ അഭ്യർത്ഥന മാനിച്ചാണ് എം. എ. യൂസഫലി ഒരു കോടി രൂപ സംഭാവന നൽകുന്നത്.

ജനറൽ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ഐഎംഎ പ്രസിഡന്റ് ഡോ. വർഗീസ്, ചെറിയാൻ, സെക്രട്ടറി ഹനീഷ് മീരാസ, ഡോ. എം. ഐ. ജുനൈദ് റഹ്മാൻ, ആർഎംഒ ഡോ. സിറിയക് പി. ജോയ് തുടങ്ങിയവർ പങ്കെടുക്കും.