സഹപീഡിയ പൈതൃക നടത്തത്തിന് ആക്‌സിസ് ഫൗണ്ടേഷന്റെ പിന്തുണ

Posted on: October 27, 2017

കൊച്ചി : ഓൺലൈൻ എൻസൈക്ലോപീഡിയയായ സഹപീഡിയ കൊച്ചിയുൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പൈതൃക നടത്തത്തിന് ആക്‌സിസ് ബാങ്ക് ഫൗണ്ടേഷന്റെ (എബിഎഫ്) പിന്തുണ. ബാങ്കിന്റെ ആക്‌സിസ് കെയർ പദ്ധതി പ്രകാരമാണ് കല, സാംസ്‌കാരിക മാനവികത എന്നിവയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ഇത്തരം സഹകരണത്തിന് മുൻകയ്യെടുക്കുന്നത്. സ്വന്തം നഗരത്തിന്റെ കലാ-സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് പൊതു ജനങ്ങളിൽ അവബോധം വളർത്തുന്നതിനു വേണ്ടിയാണ് സഹപീഡിയ പൈതൃക നടത്തം സംഘടിപ്പിക്കുന്നത്.

അടുത്ത ഒരു വർഷത്തിനുള്ളിൽ സഹപീഡിയ രാജ്യവ്യാപകമായി 200 ൽ പരം പൈതൃക നടത്തം സംഘടിപ്പിക്കും. എബിഎഫിന്റെ സഹായത്തോടെ 15,000 പേരെ പൈതൃക നടത്തത്തിൽ ഉൾപ്പെടുത്താനാണ് പദ്ധതി. പൂർണമായും ഗൈഡുകളുടെ സാന്നിദ്ധ്യത്തിലായിരിക്കും ഇവ. ആകെയുള്ള 200 പൈതൃക നടത്തകളിൽ പകുതിയും ഭിന്നശേഷിയുള്ളവർക്കും ദരിദ്രരായ കുട്ടികൾക്കുമായി മാറ്റിവച്ചിട്ടുണ്ട്.

പൈതൃക നടത്തം പോലുള്ളവ പുതിയ കാലത്തിന്റെ പദ്ധതിയായതിനാൽ തന്നെ അവ സഹായം അർഹിക്കുന്നുവെന്നും എബിഎഫ് സിഇഒ ജേക്കബ് നൈനാൻ പറഞ്ഞു. നഗരത്തിന്റെ ചരിത്രം-പൈതൃകം എന്നിവയെക്കുറിച്ചുള്ള അവബോധം കേവലം സന്ദർശകർക്കു മാത്രമല്ല, മറിച്ച് തദ്ദേശവാസികൾക്കു കൂടി വേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങിനെയായാൽ മാത്രമേ പൈതൃകങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസിലാകൂ എന്നും അദേഹം പറഞ്ഞു.