അറിവിന്റെ മികവിന് ആദരമേകി ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ

Posted on: August 19, 2017

കൊച്ചി : കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഗവൺമെന്റ് / എയ്ഡഡ് സ്‌കൂൾ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ പ്രഥമ എജ്യൂക്കേഷൻ എക്‌സലൻസ് അവാർഡുകൾ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുത്ത 25 സ്‌കൂളുകളിലെ എസ്എസ്എൽസിയ്ക്കും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറോളം വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകിയത്.

ചടങ്ങിൽ യുവ എഴുത്തുകാരിയും മോട്ടിവേഷണൽ ട്രെയിനറുമായ സഹ്‌ല പർവീൺ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. വി സ്റ്റാർ ക്രിയേഷൻസ് എംഡി ഷീല കൊച്ചൗസേപ്പ്, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ്ജ് സ്ലീബ, അഡീഷണൽ ഡയറക്ടർ ജേക്കബ് കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.

കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾക്ക് വേണ്ടി സ്‌കോളർഷിപ്പ്, സ്‌പോൺസർഷിപ്പ് പദ്ധതികളിലൂടെ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുന്നത്. ഇതിൽ 5 മുതൽ 9 വരെ ക്ലാസുകളിലെ അവാർഡിനർഹരായ കുട്ടികൾക്ക് അതതു സ്‌കൂളിൽ വച്ച് തന്നെ അവാർഡുകൾ നൽകിക്കഴിഞ്ഞു. ഓരോ ക്ലാസിൽ നിന്നും പഠനത്തിൽ മുന്നിൽ നിൽക്കുന്ന 5 കുട്ടികൾക്കാണ് അവാർഡ് നൽകിയത്. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 5 കുട്ടികൾക്ക് വീതം സ്‌പോൺസർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രോത്സാഹന പദ്ധതികളെ കൂടാതെ നിർധനരായ രോഗികൾക്കുള്ള ചികിത്സ സഹായം, ഭവന നിർമാണത്തിനുള്ള സഹായം തുടങ്ങിയ മേഖലകളിലെ സജീവ സന്നിധ്യമാണ് കാക്കനാട് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ. ബിസിനസിൽ നിന്നും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്കുള്ള കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ചുവടു വയ്പായിരുന്നു കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ. വരും വർഷങ്ങളിൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.