കൊക്കോലൈഫ് പ്രോഗ്രാം 50 വർഷം പിന്നിടുന്നു.

Posted on: November 14, 2016

mondelez-cocoa-life-logo-bi

കൊച്ചി : മൊൺഡലേസ് ഇന്ത്യ (കാഡ്ബറി ഇന്ത്യ )യുടെ കൊക്കോലൈഫ് പ്രോഗ്രാം 50 വർഷം പിന്നിടുന്നു. ഇന്ത്യയിൽ കൊക്കോ കൃഷിക്ക് പറ്റിയ കാലാവസ്ഥയും ഭൂപ്രകൃതിയും ഏത് സംസ്ഥാനത്താണെന്നറിയാൻ 50 വർഷം മുൻപ് കമ്പനി ഒരു പഠനം നടത്തുകയും കേരളവും ഇതര ദക്ഷിണ സസ്ഥാനങ്ങളുമാണ് അനുയോജ്യമെന്ന് കണ്ടെത്തുകയും ചെയ്തു. അതേത്തുടർന്ന് 1965-ൽ വയനാട് ജില്ലയിൽ പരീക്ഷണാർഥം കൊക്കോ കൃഷിക്ക് തുടക്കം കുറിച്ചു. അതോടെയാണ് കൊക്കോയുടെ ലോക ഭൂപടത്തിൽ ഇന്ത്യ സ്ഥാനം പിടിച്ചത്. ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദനക്ഷമതയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തു.

തുടർന്ന് മറ്റ് ദക്ഷിണ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലേക്കും കൊക്കോ കൃഷി വ്യാപിപ്പിച്ചു. മൊൺഡലേസിന്റെ 60 പേരടങ്ങുന്ന കാർഷിക വിദഗ്ധർ സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ഹോർട്ടിക്കൾച്ചർ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് കൃഷിക്കാരെ സഹായിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഒരു ലക്ഷത്തോളം വരുന്ന കർഷകരുടെ ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതുവഴി സാധിച്ചു. കൂടുതൽ വിളവ് തരുന്ന കൊക്കോ ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ കേരള കാർഷിക സർവകലാശാലയും തമിഴ്‌നാട് കാർഷിക സർവകലാശാലയുമായി യോജിച്ച് ഗവേഷണ പ്രവർത്തനങ്ങളിൽ മൊൺഡലേസ് ഇന്ത്യ ഏർപ്പട്ടുവരുന്നു.

തെങ്ങ്, കവുങ്ങ്, എണ്ണപ്പന എന്നിവയോടൊപ്പം ഇടവിളയായി കൊക്കോ കൃഷി ചെയ്ത് മെച്ചപ്പെട്ട ലാഭം നേടാൻ ഇത് കർഷകർക്ക് സഹായമായി. പരിസ്ഥിതി സംരക്ഷണത്തിനായി ഡ്രിപ് ഇറിഗേഷൻ, ജൈവകൃഷി രീതി എന്നിവയും കർഷകർക്കിടയിൽ കമ്പനി പ്രചരിപ്പിച്ചുവരുന്നു. നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 9 കൊക്കോ നേഴ്‌സറികൾ മൊൺഡലേസ് ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്. ഓരോവർഷവും പുതുതായി അയ്യായിരത്തോളം കർഷകർക്ക് കൊക്കോ ചെടികൾ ഈ നേഴ്‌സറികളിൽ നിന്ന് ലഭ്യമാക്കി വരുന്നു.

പരമ്പരാഗത കൃഷിക്കാരെ സഹായിക്കുന്നതിനു പുറമെ കൊക്കോ കൃഷിയിലൂടെ ആദിവാസി സമൂഹങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്ത്രീ ശാക്തീകരണത്തിനും മൊൺഡലേസ് ഇന്ത്യ ശ്രമിച്ചു വരുന്നു. 2013 മുതൽ അടിമാലിയിലെ ഗിരിവർഗക്കാരുടെ ഇടയിൽ കൊക്കോ ലൈഫ് സംഘം സേവന പ്രവർത്തനങ്ങൾ നടത്തുകയാണ്. മികച്ച കൃഷി സമ്പ്രദായത്തിലേക്ക് ഗിരിവർഗ കർഷകരെ കൊണ്ടുവരുന്നതിനായി 2000-ത്തോളം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

ഗിരിവർഗ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിൽ കക്കൂസ്, കുളിമുറി എന്നിവ നിർമിച്ചു നൽകി. മാജിക് ബസ് എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചു കൊണ്ട് അടിമാലിയിലെ ഗിരിവർഗ വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകി വരുന്നു. അവരെ മികച്ച കായിക താരങ്ങളായി വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി പോഷകാഹാരങ്ങളും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ 10 സ്‌കൂളുകളിൽ നിന്നായി ആയിരത്തിലേറെ വരുന്ന വിദ്യാർഥികൾക്ക് മൊൺഡലേസ് ഇന്ത്യ കായിക പരിശീലനം നൽകി വരുന്നുണ്ട്.