സ്വകാര്യചികിത്സാമേഖല സമ്പൂർണ പുകയിലവിമുക്തമായതായി പ്രഖ്യാപനം

Posted on: November 9, 2016

no-smoking-board-big

കൊച്ചി : പൂർണമായും പുകവലി വിമുക്തമായ പൊതുസ്ഥലങ്ങൾ എന്ന ലക്ഷ്യത്തിനു പിന്തുണയുമായി സംസ്ഥാനത്തെ സ്വകാര്യചികിത്സാ മേഖല സമ്പൂർണമായും പുകയിലവിമുക്തമാക്കി. സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ 70 ശതമാനവും ഉൾപ്പെടുന്ന സ്വകാര്യചികിത്സാ മേഖല, രോഗീക്ഷേമവും പൊതുജനാരോഗ്യവും മുൻനിർത്തി പൂർണമായും പുകവലി വിമുക്തമായിക്കഴിഞ്ഞതായി കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. പി.കെ. മുഹമ്മദ്‌റഷീദ് അറിയിച്ചു.

എല്ലാ സ്വകാര്യആശുപത്രികളിലും നോ സ്‌മോക്കിംഗ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. കേന്ദ്ര പുകയില നിയന്ത്രണ നിയമം, കോട്പ 2003 മാനദണ്ഡ പ്രകാരം പുകവലിക്കെതിരെ സചിത്ര മുന്നറിയിപ്പുകൾ നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ സ്വകാര്യആശുപത്രികളിലെ പുകയിലമുക്ത, കോട്പ അനുകൂലസ്ഥിതി, അസോസിയേഷന്റെ് ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന് അറിയാനാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

പുകവലിക്കാരിലും പുകയില ഉപയോഗിക്കുന്നവരിലും കൗൺസലിങ്ങും ബോധവത്കരണ നടപടികൾ നടന്നു വരുന്നു. പുകയിലയുടെ ദൂഷ്യങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നതായും അസോസിയേഷൻ സെക്രട്ടറി അഡ്വ. ഹസൻകോയ തങ്ങൾ പറഞ്ഞു.