പരാഗ് പരീഖ് കാറപകടത്തിൽ മരണമടഞ്ഞു

Posted on: May 4, 2015

Parag-Parikh-PPFAS-Mutual-F

മുംബൈ : പിപിഎഫ്എഎസ് മ്യൂച്വൽഫണ്ടിന്റെ സഹസ്ഥാപകനും പ്രമുഖ നിക്ഷേപകനുമായ പരാഗ് പരീഖ് അമേരിക്കയിലെ നെബ്രാസ്‌കയിലുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. പരാഗ് പരീഖ് സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അറുപതുകാരനായ പരീഖ് മുംബൈ സ്വദേശിയാണ്. വാറൻ ബഫറ്റിന്റെ ബെർക്ക്ഷയർ ഹാത്ത്‌വേയുടെ വാർഷിക നിക്ഷേപ കോൺഫറൻസിൽ പങ്കെടുക്കാൻ ഒമാഹയിലേക്ക് പോവുകയായിരുന്നു അദ്ദേഹം.

കാറിലുണ്ടായിരുന്ന പരീഖിന്റെ ഭാര്യ ഗീത, പിപിഎഫ്എഎസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ രാജീവ് താക്കർ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. വാറൻ ബഫറ്റുമായി സംവദിക്കാനുള്ള അവസരമെന്ന നിലയിൽ ബെർക്ക്ഷയർ ഹാത്ത്‌വേയുടെ വാർഷിക നിക്ഷേപ കോൺഫറൻസിൽ പതിവ് സന്ദർശകനായിരുന്നു അദ്ദേഹം. ഓഹരികൾ തെരഞ്ഞെടുക്കുന്നതിലും നിക്ഷേപം നടത്തുന്നതിലും പരാഗ് പരീഖ് ശ്രദ്ധേയമായ മികവ് കാട്ടിയിരുന്നു.

മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്‌സിൽ ബിരുദമെടുത്ത പരീഖ് 1979 ൽ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സബ് ബ്രോക്കറായാണ് ജീവിതരമാരംഭിച്ചത്. 1985 ൽ ബ്രോക്കറായി. തുടർന്ന് വെൽത്ത് മാനേജ്‌മെന്റ് ബിസിനസിലേക്ക് തിരിഞ്ഞു. 2012 ൽ പരാഖ് പരീഖ് ഫിനാൻഷ്യൽ അഡൈ്വസറി സർവീസസ് (പിപിഎഫ്എഎസ്) സ്ഥാപിച്ച് മ്യൂച്വൽഫണ്ട് ബിസിനസിലും നിറ സാന്നിധ്യമായി. പിപിഎഫ്എഎസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തയിടെ പരീഖ് കൊച്ചിയിൽ എത്തിയിരുന്നു.