2020 ൽ 20 ബില്യൺ ഡോളർ വരുമാന ലക്ഷ്യവുമായി ഇൻഫോസിസ്

Posted on: April 25, 2015

Infosys-Vishal-Sikka-Big

ബംഗലുരു : ഇൻഫോസിസ് 2020 ൽ 20 ബില്യൺ ഡോളർ (1,26,000 കോടി രൂപ) വരുമാനം ലക്ഷ്യമിടുന്നതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക പറഞ്ഞു. 30 ശതമാനം പ്രവർത്തന മാർജിനും ഉയർന്ന് ഉത്പാദനക്ഷമതയും കൈവരിച്ചാൽ മാത്രമെ ഈ ലക്ഷ്യം നേടാനാകു. ജീവനക്കാരുടെ പ്രതിശീർഷ വരുമാനം 80,000 ഡോളർ ആയി വർധിക്കേണ്ടതുണ്ട്.

ലക്ഷ്യമിട്ടിട്ടുള്ളതിൽ 1.5 ബില്യൺ ഡോളർ വരുമാനം ഏറ്റെടുക്കലിലൂടെയാകും സാധ്യമാകുന്നത്. പുതിയ സേവനമേഖലകളിൽ നിന്ന് 2 ബില്യൺ ഡോളർ വരുമാനവും പ്രതീക്ഷിക്കുന്നതായി വിശാൽ സിക്ക പറഞ്ഞു.

യുഎസിലെ എം കൊമേഴ്‌സ് കമ്പനിയായ കലിഡസ് ഇൻകോർപറേറ്റഡിനെ കഴിഞ്ഞവാരം ഇൻഫോസിസ് ഏറ്റെടുത്തിരുന്നു. 760 കോടി രൂപയുടേതാണ് (120 മില്യൺ ഡോളർ) ഈ ഇടപാട്. വിശാൽ സിക്ക ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ ഏറ്റെടുക്കലാണിത്. ഓട്ടോമേഷൻ ടെക്‌നോളജി സ്ഥാപനമായ പനായ ആണ് ആദ്യം ഏറ്റെടുത്തത്. 1250 കോടി (200 മില്യൺ ഡോളർ) രൂപയായിരുന്നു മുതൽമുടക്ക്.

സ്റ്റാർട്ടപ്പ് കമ്പനികളെ സഹായിക്കാൻ രൂപം നൽകിയ 500 മില്യൺ ഡോളറിന്റെ ഇന്നോവേഷൻ ഫണ്ട് ഉപയോഗിച്ച്, പേഴ്‌സണൽ എയർക്വാളിറ്റി മോണിട്ടറിംഗ് സ്റ്റാർട്ടപ്പ് ആയ എയർവിസിൽ 2 മില്യൺ ഡോളറിന്റെ നിക്ഷേപവും നടത്തിയിരുന്നു. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത ഡ്രീംവർക്‌സ് ആനിമേഷനിലായിരുന്നു ആദ്യ മുതൽമുടക്ക്. 15 മില്യൺ ഡോളറാണ് ഡ്രീംവർക്‌സിൽ നിക്ഷേപിച്ചത്.