രത്തൻ ടാറ്റാ ഗ്രാമീൺ കാപ്പിറ്റലിൽ നിക്ഷേപം നടത്തി

Posted on: March 25, 2015

Ratan-Tata-big

മുംബൈ : രത്തൻ ടാറ്റാ മുംബൈ ആസ്ഥാനമായുള്ള ഗ്രാമീൺ കാപ്പിറ്റൽ ഇന്ത്യ ലിമിറ്റഡിൽ ഓഹരിനിക്ഷേപം നടത്തി. രത്തൻ ടാറ്റായുടെ മുതൽ മുടക്ക് വ്യക്തമല്ല. ശ്രീനിവാസ് ഡെംപോ (ഡെംപോ ഗ്രൂപ്പ് ഗോവ), വിക്രം ഗാന്ധി (ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ, ക്രെഡിറ്റ് സൂസി), അമിത് പാറ്റ്‌നി, അരിഹന്ത് പാറ്റ്‌നി (പാറ്റ്‌നി ഗ്രൂപ്പ്) എന്നിവരും ഗ്രാമീണിൽ മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്.

ഗ്രാമീൺ കാപ്പിറ്റൽ ആദ്യഘട്ടത്തിൽ 60 കോടി രൂപ (10 മില്യൺ ഡോളർ) സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഗ്രാമീൺ ഫൗണ്ടേഷനും സിറ്റികോർപ് ഫിനാൻസും ഐഎഫ്എംആർ ട്രസ്റ്റും ചേർന്നാണ് 2007 ൽ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഗ്രാമീൺ കാപ്പിറ്റൽ സ്ഥാപിച്ചത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ഗ്രാമീൺ ഊന്നൽ നൽകുന്നത്.

നേരത്തെ രത്തൻ ടാറ്റാ, ഹെൽത്ത് സർവീസ് പ്രൊവൈഡറായ സ്വസ്ത്, ഓൺലൈൻ കമ്പനികളായ സ്‌നാപ്ഡീൽ, പേ ടിഎം, അർബൻ ലാഡർ, ബ്ലൂ സ്റ്റോൺ, കാർ ദേഖോ എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.