ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ 3000 കോടി രൂപ മുതൽമുടക്കും

Posted on: March 22, 2015

M-A-Yusaf-Ali-with-Indonesi

അബുദാബി : ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ 3000 കോടി (500 മില്യൺ ഡോളർ) രൂപ മുതൽ മുടക്കി 10 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും. തലസ്ഥാനമായ ജക്കാർത്തയിലും സമീപ സംസ്ഥാനങ്ങളിലുമാണ് ഹൈപ്പർമാർക്കറ്റുകൾ തുറക്കാൻ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കൊവി വിഡോഡോയുമായി കൂടിക്കാഴ്ച നടത്തി.

ആദ്യ ഹൈപ്പർമാർക്കറ്റ് ഒക്ടോബറോടെ ജക്കാർത്തയിൽ പ്രവർത്തനമാരംഭിക്കുമെന്ന് എം എ യൂസഫലി പറഞ്ഞു. 2016 ൽ നാലും 2017 ൽ അഞ്ചും ഹൈപ്പർമാർക്കറ്റുകൾ തുറക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുള്ളത്. ഇതിലൂടെ 5,000 തൊഴിലവസരങ്ങൾ ഇന്തോനേഷ്യയിൽ സൃഷ്ടിക്കപ്പെടും. ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ ലോജിസ്റ്റിക്‌സ് സെന്ററും പാക്കേജിംഗ് കേന്ദ്രവും ആരംഭിക്കുമെന്നും അദേഹം പറഞ്ഞു. ഇതു സംബന്ധിച്ച കരാർ രണ്ടു മാസത്തിനുള്ളിൽ ജക്കാർത്തയിൽ വച്ച് ഒപ്പിടുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

M-A-Yusaf-Ali-with-Jokowi-Iലുലു ഗ്രൂപ്പിന്റെ രംഗപ്രവേശം ഇന്തോനേഷ്യയിലെ റീട്ടെയ്ൽ വ്യാപാരമേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിതെളിക്കുമെന്ന് ഔദ്യോഗിക വസതിയായ മെർദേക്ക പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ജോക്കോവി പ്രത്യാശ പ്രകടിപ്പിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ സലിം എം എ, ലുലു ഫാർ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ രാജ്‌മോഹൻ നായർ എന്നിവരും ചർച്ചകളിൽ സംബന്ധിച്ചു.