അലിബാബ പേടിഎമ്മിൽ ഓഹരി വാങ്ങി

Posted on: February 5, 2015

Paytm-Logo-Big

ന്യൂഡൽഹി : ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ അലിബാബ പേടിഎമ്മിൽ മൂലധന നിക്ഷേപം നടത്തി. പേടിഎമ്മിന്റെ ഹോൾഡിംഗ് കമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിൽ 25 ശതമാനം ഓഹരി വാങ്ങാൻ ധാരണയായതായി അലബാബ ഗ്രൂപ്പിലെ ആന്റ് ഫിനാൻഷ്യൽ സർവീസ് അറിയിച്ചു. ആന്റ് ഫിനാൻഷ്യൽസിന്റെ ഇന്ത്യയിലെ ആദ്യ മൂലധന നിക്ഷേപമാണിത്.

ഒരു ബില്യണിലേറെ ജനങ്ങളുള്ള ഇന്ത്യയിൽ പേമെന്റ് വിപണിയുടെ സാധ്യതകൾ ധാരാളമാണെന്ന് ആന്റ് ഫിനാൻഷ്യൽ വൈസ് പ്രസിഡന്റ് സിറിൾ ഹാൻ പറഞ്ഞു. എം കൊമേഴ്‌സ് രംഗത്ത് പേടിഎമ്മിന് ഇപ്പോഴേ മികച്ച സാന്നിധ്യമുണ്ട്. സ്മാർട്ട്‌ഫോൺ വിപണി കുതിച്ചുയരുന്ന സാഹചര്യത്തിൽ പേടിഎമ്മിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആന്റ് ഫിനാൻഷ്യൽസുമായുള്ള സഹകരണം എം കൊമേഴ്‌സ് രംഗത്ത് മുന്നേറ്റത്തിന് വഴിതെളിക്കുമെന്ന് വൺ97 കമ്യൂണിക്കേഷൻസ് സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ പറഞ്ഞു. സായിഫ് പാർട്‌ണേഴ്‌സ്, സഫയർ വെഞ്ചേഴ്‌സ്, സാമ കാപ്പിറ്റൽ എന്നിവയും പേടിഎമ്മിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.