സ്‌പൈസ്‌ജെറ്റിന് വീണ്ടും എഎഐയുടെ അന്ത്യശാസനം

Posted on: February 1, 2015

Spicejet-Landing-Big

ന്യൂഡൽഹി : കുടിശിക തീർക്കാൻ ഫെബ്രുവരി 15 ന് മുമ്പ് വിശദമായ സാമ്പത്തിക പദ്ധതി സമർപ്പിക്കണമെന്ന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ, സ്‌പൈസ്‌ജെറ്റിനോട് ആവശ്യപ്പെട്ടു. എയർപോർട്ട് അഥോറിട്ടിക്കു മാത്രം 300 കോടി രൂപയാണ് സ്‌പൈസ്‌ജെറ്റ് നൽകാനുള്ളത്. 82.5 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി മാത്രമെ സ്‌പൈസ്‌ജെറ്റ് നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇനി ക്രെഡിറ്റ് നൽകാനാവില്ലെന്നാണ് എഎഐയുടെ നിലപാട്.

പ്രതിദിനം 25 ലക്ഷം രൂപ വീതമാണ് സ്‌പൈസ്‌ജെറ്റ് എഎഐയിൽ അടച്ചിരുന്നത്. ഈ തുക ജനുവരി 29 മുതൽ 50 ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്. സ്‌പൈസ്‌ജെറ്റിന്റെ 19 ബോയിംഗ് 737 വിമാനങ്ങളിൽ 11 ഉം ഡീ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിമാനം ലീസിംഗിന് നൽകിയിട്ടുള്ളവർ ഡിജിസിഎയെ സമീപിച്ചുകഴിഞ്ഞു. വിവിധ സ്ഥാപനങ്ങൾക്കായി 700 കോടി രൂപ ഈ ഇനത്തിലും കുടിശികയുണ്ട്. ആകെയുള്ള 2,000 കോടി രൂപയിൽ 1,400 കോടിയും അടിയന്തരമായി നൽകേണ്ടതാണ്.

ഡിസംബറിലെ ശമ്പള കുടിശിക കഴിഞ്ഞ വാരമാണ് കൊടുത്തുതീർത്തത്. ഏപ്രിൽ 30 ന് മുമ്പ് 1,500 കോടി നിക്ഷേപിക്കുമെന്നാണ് പുതിയ മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുള്ളത്.