എണ്ണക്കമ്പനികൾ സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിഷേധിച്ചു

Posted on: December 16, 2014

SpiceJet-Refueling-Big

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾക്ക് എണ്ണക്കമ്പനികൾ ഇന്ധനം നിഷേധിച്ചു. ഇന്നു രാവിലെ ഡൽഹിയിലും മുംബൈയിലും ഹൈദരാബാദിലുമാണ് സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിഷേധിച്ചത്. ഇതേ തുടർന്ന് നിരവധി ഫ്‌ളൈറ്റുകൾ കാൻസൽ ചെയ്യേണ്ടി വന്നു.

ഇന്ത്യൻ ഓയിൽ കോർപറേഷനും എച്ച്പിസിഎല്ലും കാഷ് ആൻഡ് കാരി അടിസ്ഥാനത്തിലാണ് സ്‌പൈസ്‌ജെറ്റിന് ഇന്ധനം നൽകി വന്നിരുന്നത്. ഡൽഹിയിൽ മാത്രം ഇന്ധനം നിറയ്ക്കാൻ സ്‌പൈസ്‌ജെറ്റിന് പ്രതിദിനം 7-8 കോടി രൂപ വേണം.

പ്രതിസന്ധി തീർക്കാൻ വ്യോമയാന മന്ത്രാലയം ഇന്നലെ 10 ദിവസത്തെ സവകാശം കൂടി അനുവദിച്ചിരുന്നു. അടിയന്തരമായി 1,400 കോടി രൂപയും ദീർഘകാലാടിസ്ഥാനത്തിൽ 2,000 കോടി രൂപയുമാണ് സ്‌പൈസ്‌ജെറ്റ് കണ്ടെത്തേണ്ടത്. സ്‌പൈസ്‌ജെറ്റ് സിഒഒ സഞ്ജീവ് കപൂർ, സൺ ഗ്രൂപ്പ് സിഎഫ്ഒ എസ്. എൽ. നാരായണൻ എന്നിവർ ഇന്നലെ വ്യോമയാനമന്ത്രാലയത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.