പറക്കാൻ അനുമതി കാത്ത് പുതിയ 9 വിമാനക്കമ്പനികൾ

Posted on: December 7, 2014

Air-Pegasus-Big

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പെർമിറ്റ് ലഭിച്ചാൽ സർവീസ് തുടങ്ങാൻ 9 പുതിയ വിമാനക്കമ്പനികൾ തയാറെടുക്കുന്നു. 2009 ന് ശേഷം 16 വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് നൽകിയിരുന്നു. ഇവയിൽ ഏയർഏഷ്യ ഇന്ത്യയും എയർകോസ്റ്റയും മാത്രമാണ് സർവീസ് തുടങ്ങിയത്.

ടാറ്റാസൺസ് -സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര, ബംഗലുരു ആസ്ഥാനമായുള്ള എയർ പെഗാസസ്, എയർ വൺ, പ്രീമിയർ എയർവേസ്, ഇസക്‌സ്, ഫ്‌ളൈഈസി, ടർബോ മേഘ, എയർ കാർണിവൽ, സാവ് എയർവേസ്, എന്നീ കമ്പനികളാണ് ഷെഡ്യൂൾഡ് സർവീസുകൾ നടത്താൻ ഒരുങ്ങുന്നത്. ട്രയൽ ഫ്‌ളൈറ്റ് പൂർത്തിയാക്കിയ വിസ്താര പുതു വർഷത്തിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയർ പെഗാസസ് ദക്ഷിണേന്ത്യൻ റൂട്ടുകളിൽ സർവീസ് തുടങ്ങാനാണ് അനുമതി തേടിയിട്ടുള്ളത്. 2012 ൽ വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി കിട്ടിയെങ്കിലും വിമാനം കിട്ടാൻ വൈകിയതാണ് സർവീസ് ആരംഭിക്കാൻ തടസമായത്. 70 സീറ്റുള്ള ഒരു എടിആർ 72 വിമാനവും രണ്ടു ചെറിയ വിമാനങ്ങളുമാണ് എയർ പെഗാസസ് ഒരുക്കിയിട്ടുള്ളത്. ബംഗലുരുവിൽ നിന്ന് തിരുവനന്തപുരം, ഹുബ്ലി, ചെന്നൈ, തുത്തുക്കുടി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഷൈസൺ തോമസ് പറഞ്ഞു.

എയർ സഹാറ, മോഡിലുഫ്ത്, ഇൻഡിഗോ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള അലോക് ശർമ്മയാണ് എയർ വണിന്റെ പ്രമോട്ടർ. ഡൽഹി കേന്ദ്രമാക്കി എട്ടുമാസത്തിനുള്ളിൽ സർവീസ് തുടങ്ങാനാകുമെന്നും ശർമ്മ പറഞ്ഞു. ബോയിംഗ് 737 എയർക്രാഫ്‌റ്റോ എയർബസ് എ 320 വിമാനമോ പാട്ടത്തിനെടുക്കാനാണ് എയർ വണ്ണിന്റെ നീക്കം. മൂന്നു വർഷത്തിനുള്ളിൽ 20 വിമാനങ്ങളുള്ള കമ്പനിയായി മാറുകയാണ് എയർവണ്ണിന്റെ ലക്ഷ്യം.

എബിസി ഏവിയേഷൻ പ്രമോട്ട് ചെയ്യുന്ന ഫ്‌ളൈഈസി ബംഗലുരു കേന്ദ്രമാക്കി എംബറർ ജെറ്റുകളാണ് സർവീസിന് ഒരുക്കുന്നത്. എൻആർഐ എൻജിനീയറായ ഉമാപതി പിനാഗപാനി പ്രമോട്ട് ചെയ്യുന്ന പ്രീമിയർ എയർവേസ് അടുത്ത വേനലിൽ സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്. ചിരഞ്ജീവിയുടെ പുത്രൻ റാം ചരണും വാങ്കായൽപതി ഉമേഷും പ്രമോട്ട് ചെയ്യുന്ന ടർബോ മേഘ എയർവേസ് ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള സർവീസുകളാണ് ലക്ഷ്യമിടുന്നത്. രണ്ട് സെസ്‌ന വിമാനങ്ങൾ കമ്പനിക്കുണ്ട്.