ഫ്യൂച്ചർ ഗ്രൂപ്പ് നീൽഗിരീസിനെ ഏറ്റെടുത്തു

Posted on: November 21, 2014

Nilgiris-interior-Big

കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് സൂപ്പർമാർക്കറ്റ് ശൃംഖലയായ നീൽഗിരീസിനെ ഏറ്റെടുത്തു. ഫ്യൂച്ചർ കൺസ്യൂമർ എന്റർപ്രൈസസ് ലിമിറ്റഡ്, നീൽഗിരീസ് പ്രമോട്ടർമാരുടെയും പിഇ ഫണ്ടായ ആക്ടിസിന്റെയും കൈവശമുള്ള ഓഹരികൾ വാങ്ങാൻ 3,00 കോടി രൂപ മുതൽമുടക്കിയതായാണ് വിപണിവൃത്തങ്ങളുടെ വിലയിരുത്തൽ. ഡയറി, ബേക്കറി ചോക്കലേറ്റ് വിഭാഗങ്ങളിൽ നീൽഗിരീസിന് സ്വന്തം ബ്രാൻഡുകളുണ്ട്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിലായി നീൽഗിരീസിന് 140 സൂപ്പർമാർക്കറ്റുകളുണ്ട്.

1905 ൽ ഊട്ടിയിലാണ് നീൽഗിരീസ് ആരംഭിച്ചത്. തപാൽ ഓട്ടക്കാരനായ മുത്തുസ്വാമി മുതലിയാരാണ് നീൽഗിരീസിന് തുടക്കം കുറിച്ചത്. മുതലിയാരുടെ പുത്രൻ ചെന്നിയപ്പൻ പിന്നീട് ബിസിനസ് വിപുലപ്പെടുത്തുകയായിരുന്നു. ബംഗലുരുവിലാണ് നീൽഗിരീസ് ഡയറിഫാമിന്റെ കോർപറേറ്റ് ഓഫീസ്.

ഇപ്പോൾ നാലു സംസ്ഥാനങ്ങളിലായി എട്ട് വിതരണകേന്ദ്രങ്ങളും ചരക്കു നീക്കത്തിന് സ്വന്തം വാഹനങ്ങളും കംപ്യൂട്ടർവത്കൃത സംഭരണ,വിതരണ, വില്പന സംവിധാനങ്ങളും നീൽഗിരീസിനുണ്ട്. ഫ്രാഞ്ചൈസി ബിസിനസ് മോഡലും നീൽഗിരീസ് നടപ്പാക്കിയിട്ടുണ്ട്.